അതിരപ്പിള്ളി ഉന്നതി നിവാസികൾക്കായി പരാതിപരിഹാര അദാലത്ത് നടത്തി
1586332
Sunday, August 24, 2025 7:53 AM IST
അതിരപ്പിള്ളി: മേഖലയിലെ ഉന്നതി നിവാസികൾക്കായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരാതിപരിഹാര അദാലത്ത് നടത്തി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. തുടർന്ന് വാഴച്ചാൽ ഉന്നതിയിൽ വിവിധ വകുപ്പുകളിലെ പ്രതിനിധികളോടൊത്ത് സന്ദർശനംനടത്തി. കണ്ണൻകുഴിയിലെ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടത്തിയ പരാതി പരിഹാരഅദാലത്തിൽ വാഴച്ചാൽ, പൊകലപ്പാറ, പിള്ളപ്പാറ, പൊരിങ്ങൽകുത്ത് ഉന്നതികളിൽനിന്നു കണ്ണംകുഴി എസ്സി ഉന്നതിയിൽ നിന്നുമായി നൂറോളംപേർ പങ്കെടുത്തു.
82 പരാതികൾ സ്വീകരിച്ചു. പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി കൈമാറുകയും അതിൽ സ്വീകരിക്കാവുന്നതായ നടപടികൾ ഉന്നതി നിവാസികളെ അറിയിക്കുകയുംചെയ്തു.
തൃശൂർ റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, മലക്കപ്പാറ എസ്എച്ച്ഒ കെ. കുമാർ. സബ് ഇൻസ്പെക്ടർമാരായ കെ.എ. മാർട്ടിൻ, അനിൽ, വനിതാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻചാർജ് എസ്ഐ ഇ.യു. സൗമ്യ, ഡെപ്യൂട്ടി എക്സെെസ് കമ്മീഷണർ വി. സുഭാഷ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ. ശങ്കർ എന്നീ ഉദ്യോഗസ്ഥരും പങ്കെടുത്തു. കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ഡോ. അമലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘം ഉന്നതി നിവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.