വടക്കാഞ്ചേരിയിൽ ഗതാഗതതടസം: പൊറുതിമുട്ടി ജനങ്ങൾ
1586355
Sunday, August 24, 2025 8:06 AM IST
വടക്കാഞ്ചേരി: തിരക്കേറിയ പകൽസമയത്ത് തൃശുർ - ഷൊർണൂർ സംസ്ഥാനപാതയിൽ ഗതാഗതതടസം. വടക്കാഞ്ചേരി ഫൊറോന പള്ളി മുതൽ പരുത്തിപ്ര വരെയുള്ള റോഡിൽ ഇന്നലെ രാവിലെ മുതൽ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയതുമൂലമാണ് രാവിലെ മുതൽ വൈകീട്ടുവരെ വാഹനഗതാഗതം തടസപ്പെട്ടത്. റോഡിലെ കുഴികൾ അടയ്ക്കുന്നതിനെതുടർന്ന് ഗതാഗതം ഒറ്റവരിയായി നിയന്ത്രിച്ചതാണ് ഗതാഗതക്കുരുക്കിനു കാരണമായത്.
റോഡിലെ പൊടിപടലങ്ങൾ മെഷിനറി ഉപയോഗിച്ചു നീക്കം ചെയ്യുന്നതോടെ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് പൊടികയറിയതിനെതുടർന്ന് വ്യാപാരികളും തൊഴിലാളികളുംതമ്മിൽ നേരിയതോതിൽ വാക്കേറ്റത്തിന് ഇടയാക്കി. രോഗികളുമായി വന്ന ആംബുലൻസുകളും ഗതാഗതനിയന്ത്രണത്തിൽപ്പെട്ടതു വിവാദമായി.
ഇന്നലെ രാവിലെ ആരംഭിച്ച പ്രവൃത്തികൾ ഏറെ വൈകീട്ടാണ് അവസാനിച്ചത്. പൊതുമരാമത്ത് നിരത്തുവിഭാഗം ഇത്തരം പ്രവൃത്തികൾ നടത്തേണ്ടതു രാത്രിയാണന്നും നാട്ടുകാരിൽ ചിലർ അഭിപ്രായപ്പെട്ടു.