പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
1585896
Saturday, August 23, 2025 1:41 AM IST
ഗുരുവായൂർ: ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നയാൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിലാണ് പിസിസി നിർബന്ധമാക്കിയത്.
ക്ഷേത്രത്തിൽ പാരമ്പര്യ അവകാശിയുടെ സഹായിയായി തിരിവിശേഷം എന്ന പ്രവൃത്തി ഒരു വർഷമായി ക്ഷേത്രത്തിൽ നിർവഹിച്ചു വന്നിരുന്ന ആളെയാണ് പത്തിരിപ്പാലയിൽ വച്ച് പോലീസ് പിടികൂട്ടിയത്. ഇയാളെകുറിച്ച് ദേവസ്വത്തിന് യാതൊരു അറിവും ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി എടുക്കുന്ന മുഴുവൻപേരുടെയും വിവരങ്ങൾ ദേവസ്വം ശേഖരിക്കുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവൃത്തി ചെയ്യുന്ന മുഴുവൻ പേരും സെപ്റ്റംബർ ഒമ്പതിനുള്ളിൽ ആധാർ, ഫോട്ടോ, പിസിസി എന്നിവ സമർപ്പിക്കണമെന്ന് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ സർക്കുലറിലൂടെ അറിയിച്ചു. ഇതേസമയം സുരക്ഷയുടെ ഭാഗമായി ക്ഷേത്രപരിസരത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും പിസിസി സമർപ്പിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു.