പോക്സോ: 19 കാരന് 38 വർഷം കഠിനതടവും പിഴയും
1586351
Sunday, August 24, 2025 8:06 AM IST
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികപീഡനം നടത്തിയ കേസിൽ 19കാരന് 38 വർഷം കഠിനതടവും 96,000 രൂപ പിഴയും. പിഴ അടയ്ക്കാത്ത പക്ഷം 19 മാസവും 5 ദിവസവും കൂടി അധികതടവ് അനുഭവിക്കണം. പിഴത്തുകയിൽനിന്നും 50,000 രൂപ അതിജീവിതയ്ക്കു നൽകാനും ഉത്തരവായി.
വെങ്കിടങ്ങ് പാടൂർ ഇടിയഞ്ചിറ വെട്ടേക്കാട്ട് നവീൻ കൃഷ്ണയെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. പീഡനവിവരം കുട്ടിയുടെ പിതാവ് പാവറട്ടി പോലീസ് സ്റ്റേഷനിൽ അറിയിച്ചതിന് തുടർന്ന് എസ്എച്ച്ഒ എം.കെ. രമേഷ് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.