മുരിങ്ങൂരിൽ സർവീസ് റോഡ് ടാറിംഗ്: എറണാകുളം ദിശയിൽ പൂർത്തിയായി
1586345
Sunday, August 24, 2025 7:54 AM IST
മുരിങ്ങൂർ: വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ മുരിങ്ങൂർ ഡിംസ് മീഡിയ കോളജിന്റെ സമീപത്തുനിന്നു എറണാകുളം ദിശയിലേക്കുള്ള ട്രാക്കിൽ ആരംഭിച്ച ടാറിംഗ് ഇന്നലെ പുലർച്ചെ യോടെ പൂർത്തിയായി.
ഇന്നലെരാത്രി പത്തരയോടെ തൃശൂർ ഭാഗത്തേയ്ക്കുള്ള നിർദിഷ്ട അടിപ്പാതയോടുചേർന്നുള്ള സർവീസ് റോഡും ടാർ ചെയ്യുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. കൊരട്ടി, മേലൂർ, കാടുകുറ്റി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും എൽഡിഎഫ് ജനപ്രതിനിധികളും നേതാക്കളും ഇന്നലെ രാവിലെ മുതൽ മുരിങ്ങൂർ ജംഗ്ഷനിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന പ്രഖ്യാപനം വന്നതോടെയാണ് സർവീസ് റോഡുകളുടെ ടാറിംഗ് വേഗത്തിലാക്കാൻ എൻഎച്ച്എഐയും നിർമാണ കമ്പനിയും തീരുമാനിച്ചത്.
കോയമ്പത്തൂരിൽനിന്നു ടാറിംഗ് മിശ്രിതം എത്തുന്നതിൽ പ്രാരംഭഘട്ടത്തിൽ ചെറിയൊരു താമസം നേരിട്ടിരുന്നു. കൂടാതെ ടാറിംഗ് പ്രവൃത്തികളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും ചെറിയ ആശങ്ക നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. തൃശൂർ ഭാഗത്തേക്കുപോകുന്ന ഭാരവാഹനങ്ങൾ ഒഴിച്ചുള്ളവ പൊങ്ങം, ചിറങ്ങര, കൊരട്ടി എന്നിവിടങ്ങളിൽനിന്നും ഗ്രാമീണ റോഡുകളിലൂടെ വഴിതിരിച്ചുവിട്ടാണ് ഹൈവേയിലെ കുരുക്കിനു പോലീസ് പരിഹാരംകണ്ടത്. എങ്കിലും ഹൈവേയിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.
ഗ്രാമീണ, പൊതുമരാമത്ത് റോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പോലീസിന്റെ മേൽനോട്ടത്തിൽ ടാറിംഗ് നടക്കുന്ന ഭാഗത്ത് 15 മിനിറ്റ് ഇടവിട്ട് വാഹനങ്ങൾ എതിർദിശകളിലൂടെ വഴിതിരിച്ചുവിട്ടാണ് പണികൾ നടത്തിയത്. പൊങ്ങം മുതൽ മുരിങ്ങൂർവരെ ഇരുദിശകളിലും സർവീസ് റോഡ് പൂർത്തിയാക്കിയതിനുശേഷം മാത്രമേ പ്രധാനപാത പൊളിക്കാവൂ എന്ന പൊതുവികാരം മാനിക്കാതെ അധികൃതർ എടുത്ത തീരുമാനമാണ് ഗതാഗതക്കുരുക്ക് അതിരൂക്ഷമാകാൻ കാരണമായത്.