മുരിങ്ങൂരിലും ടാറിംഗ് നടപടികൾക്കു തുടക്കം
1585907
Saturday, August 23, 2025 1:41 AM IST
മുരിങ്ങൂർ: അടിപ്പാതനിർമാണം നടക്കുന്ന ദേശീയപാതയിലെ മുരിങ്ങൂർ ജംഗ്ഷനിൽ സർവീസ് റോഡുകളുടെ ടാറിംഗിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇന്നലെ രാത്രിയോടെയാണ് മെഷനറികളും അനുബന്ധവാഹനങ്ങളും എത്തിയത്. എട്ടരയോടെ ടാറിംഗിനുമുമ്പ് ചെയ്യുന്ന പ്രഷർ പമ്പുകൾ ഉപയോഗിച്ചുള്ള പൊടിനീക്കൽ തുടങ്ങി. കുഴികളിൽ മെറ്റലിട്ട് അടച്ചുള്ള റോഡ് ലെവൽ ചെയ്യലും ആരംഭിച്ചിട്ടുണ്ട്. വാഹനബാഹുല്യം കുറഞ്ഞ് രാത്രി പത്തരയോടെ ടാറിംഗ് തുടങ്ങുമെന്നാണ് നിർമാണ കമ്പനി അധികൃതർ പറഞ്ഞത്.
മുരിങ്ങൂർ, പെരുമ്പി, ചിറങ്ങര ഭാഗങ്ങളെല്ലാം പൊടിനിറഞ്ഞ് ഇരുചക്രവാഹന യാത്രികരടക്കം ഏറെ ദുരിതത്തിലായതോടെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
വ്യാഴാഴ്ച രാത്രി സർവീസ് റോഡുകൾ ടാർ ചെയ്യുമെന്നു ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ കൊരട്ടി, കാടുകുറ്റി, മേലൂർ പഞ്ചായത്തിലെ പ്രസിഡന്റുമാർ അടക്കമുള്ള ജനപ്രതിനിധികൾക്ക് എൻഎച്ച്എഐ പ്രോജക്ട് എൻജീനിയർ അമൽ ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിമുതൽ ചാലക്കുടി റസ്റ്റ് ഹൗസിൽ രണ്ടരമണിക്കൂറോളം ഹൈവേ ഉദ്യോഗസ്ഥനെ ബന്ദിയാക്കിയതിനെതുടർന്നു നടന്ന ചർച്ചയിലാണ് വ്യാഴാഴ്ചതന്നെ ടാർ ചെയ്യാമെന്ന് ഉറപ്പുനൽകിയത്.
എന്നാൽ, വെള്ളിയാഴ്ച പകലും നടപടി സ്വീകരിക്കാത്തതിനെതുടർന്നു കൊരട്ടി, കാടുകുറ്റി, മേലുർ പഞ്ചായത്തിലെ പ്രസിഡന്റുമാരും ജനപ്രതിനിധികളും എൽഡിഎഫും മുരിങ്ങൂർ ജംഗ്ഷനിൽ ഇന്നുരാവിലെമുതൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു.
തുടർന്നു സമ്മർദങ്ങൾക്കു വഴങ്ങിയാണ് രാത്രി പ്രാരംഭനടപടികളെടുത്തതും രാത്രി പത്തരയോടെ ടാർ ചെയ്യാൻ എൻഎച്ച്എഐയും നിർമാണക്കമ്പനിയും സന്നദ്ധമായതും.