സ്ഥിരതാമസക്കാരായ വോട്ടർമാരുടെ പേരുകൾ വെട്ടാൻ ശ്രമം: കോൺഗ്രസ് പരാതിനൽകി
1586341
Sunday, August 24, 2025 7:54 AM IST
ചാലക്കുടി: നഗരസഭയിലെ വിആർ പുരം വാർഡിൽ സ്ഥിരതാമസക്കാരായ വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്നു നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷേപംനൽകിയ സിപിഎം പ്രവർത്തകന്റെ നടപടിക്കെതിരേ വാർഡ് കോൺഗ്രസ് കമ്മിറ്റി നഗരസഭ സെക്രട്ടറിക്ക് പരാതിനൽകി.
വാർഡിലെ 50 ഓളം വോട്ടർമാരുടെ പേരുകൾ നീക്കംചെയ്യാനാണ് ആക്ഷേപം നൽകിയത്. നഗരസഭ ഉദ്യോഗസ്ഥൻ ആക്ഷേപം സംബന്ധിച്ച് നോട്ടീസ് നൽകാൻ എത്തിയപ്പോള്‍ താമസമില്ലായെന്ന് ആക്ഷേപത്തിൽ പറഞ്ഞിട്ടുള്ള പല വോട്ടർമാരും നേരിട്ട് നോട്ടീസ് കൈപ്പറ്റിയിരുന്നു. ചില വോട്ടർമാർ പഠനത്തിനും ജോലിക്കും പോയിവരുമുണ്ട്.
നോട്ടീസ് കൈപ്പറ്റിയ വോട്ടർമാരോ, വീട്ടുകാരോ രേഖകൾ സഹിതം നഗരസഭ ഓഫീസിൽ നേരിട്ട് ഹിയറിംഗിന് ഹാജരാകണമെന്നാണ് നോട്ടിസിൽ പറഞ്ഞിട്ടുള്ളത്. ഇത്തരം വോട്ടർമാരുടെ പേരുകൾ വെട്ടാൻ അപേക്ഷനൽകിയ നടപടിക്കെതിരേ സെക്രട്ടറിക്ക് കോൺഗ്രസ് പരാതി നല്കി. നോട്ടീസ് ലഭിച്ച വോട്ടർമാരും വീട്ടുകാരും നഗരസഭ ഓഫീസിൽ സെക്രട്ടറിക്ക് മുൻപിൽ ആക്ഷേപം ഉന്നയിച്ചു.
നിലവിലുള്ള താമസക്കാരായ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ആക്ഷേപംകൊടുത്ത് ഇവർ നഗരസഭ ഓഫീസിൽ ഹാജരാകേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കണമെന്നും ഇത്തരം പരാതികൾ ഉദ്യോഗസ്ഥർ നേരിട്ടു പരിശോധിച്ച് പരിഹരിക്കണമെന്നും ഇത്തരത്തിൽ ആക്ഷേപം കൊടുക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.