കാടുകുറ്റിയിൽ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അനാസ്ഥയെന്ന് പരാതി
1481471
Saturday, November 23, 2024 7:29 AM IST
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ അനാസ്ഥക്കെതിരെ പരാതി. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും 21ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു കൊണ്ടുവന്ന വയോധികനായ കാൻസർ രോഗിക്ക് ജീവൻ നിലനിർത്താൻ ഓക്സിജൻ സിലിൻഡർ നൽകിയതിൽ സംഭവിച്ച വീഴ്ചയാണു പരാതിക്കിടയാക്കിയത്. രോഗിക്ക് ഓക്സിജന്റെ സഹായം അനിവാര്യമാണെന്നു ഡോക്ടർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ വാർഡ് മെമ്പറെ സമീപിക്കുകയും തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്വേഷിച്ചപ്പോൾ അവിടെ നിറച്ച സിലിൻഡർ ഇല്ലെന്നും അന്നനാട് സബ് സെന്ററിൽ നിന്നും ലഭിക്കുമെന്നും അറിയിച്ചു.
ഓക്സിജൻ സിലിൻഡറിനായി രോഗിയുടെ ബന്ധു അന്നനാട് സബ് സെന്ററിൽ ചെല്ലുകയും എംഎസ്എൽപി നഴ്സ് ആധാർ കോപ്പി വാങ്ങിയശേഷം ഓക്സിജൻ സിലിൻഡർ കൈമാറുകയും ചെയ്തു. സിലിൻഡർ നിറയെ ഓക്സിജൻ ഉണ്ടെന്നും തിരികെ തരുമ്പോൾ നിറച്ചതന്നെ നൽകണമെന്നും നിർദേശിച്ചു. സിലിൻഡർ വീട്ടിലെത്തിച്ച് വൈകീട്ട് അഞ്ചോടെ ആശുപത്രിയിൽനിന്നും വീട്ടിലേക്കു കൊണ്ടുവന്ന രോഗിയെ ഓക്സിജൻ സിലിൻഡർ ഘടിപ്പിക്കാൻ നോക്കിയപ്പോൾ സിലിൻഡർ കാലിയായിരുന്നുവെന്നാണ് ആക്ഷേപം.
ശേഷം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഏഴോടെ ചാലക്കുടിയിൽ നിന്നും മറ്റൊരു സിലിൻഡർ കൊണ്ടുവന്നാണ് രോഗിയുടെ ജീവൻ നിലനിർത്തിയത്. സിലിൻഡർ കൊണ്ടുവരുന്നതുവരെ ആംബുലൻസ് സേവനം ഉറപ്പാക്കി. വിഷയം കാടുകുറ്റിയിലെ മെഡിക്കൽ ഓഫീസറെ ഫോൺ മുഖേന അറിയിച്ചപ്പോൾ എംഎൽഎസ് പി സ്റ്റാഫിനു ഓക്സിജൻ സിലിൻഡർ കൈകാര്യം ചെയ്യാൻ അറിയില്ലെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ഉത്തവാദിത്തം ഇല്ലെന്നും പറഞ്ഞെന്നാണ് രോഗിയുടെ ബന്ധുക്കൾ പറയുന്നത്. അത്യാസന്ന നിലയിൽ കഴിയുന്ന രോഗിക്ക് ആവശ്യമായിവരുന്ന ഒരു പ്രധാന മെഡിക്കൽ ഉപകരണം ഉപയോഗിക്കാൻ അറിയാത്തവരെ ഒരു ഹെൽത്ത് സബ് സെന്ററിൽ ജോലിക്കുവയ്ക്കുന്നതിലെ അനൗചിത്യവും ബന്ധുക്കൾ ചോദ്യം ചെയ്യുന്നുണ്ട്.
ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ അനാസ്ഥക്കെതിരെയും മെഡിക്കൽ ഓഫീസർ വിഷയത്തോടു പുലർത്തിയ നിരുത്തരവാദപരമായ സമീപനത്തിനെതിരെയും പരാതികൾ ഉന്നയിച്ച് ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും നാഷണൽ ഹെൽത്ത് മിഷനും പഞ്ചായത്ത് പ്രസിഡന്റിനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.