കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാടിൽ സജീവചർച്ച
1481464
Saturday, November 23, 2024 7:29 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലത്തിൽ പൂരപ്രേമികൾക്ക് ആശങ്ക. പൂരം നടത്തിപ്പ് ഉന്നതാധികാരസമിതിയെ ഏൽപ്പിക്കണമെന്ന ബോർഡിന്റെ അഭിപ്രായം വലിയ ചർച്ചകൾക്കു വഴിതുറന്നു. പൂരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഹൈക്കോടതിയെ നിലപാട് അറിയിച്ചതെന്നാണു ബോർഡിന്റെ വിശദീകരണം.
സത്യവാങ്മൂലത്തിനു ഹൈക്കോടതി പ്രധാന്യം നൽകിയാൽ പൂരം നടത്തിപ്പ് ഉന്നതാധികാരസമിതിയുടെ മേൽനോട്ടത്തിലാകണമെന്ന വിധിയുണ്ടാകാൻ സാധ്യതയുണ്ടെന്നു നിയമവൃത്തങ്ങൾ പറയുന്നു. പൂരം, ആനയെഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും അമിക്കസ് ക്യൂറി റിപ്പോർട്ടും കോടതിയുടെ മുന്പിലുണ്ട്.
പൂരം നടത്തിപ്പിൽ തിരുവന്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്കുള്ള മേൽക്കോയ്മ അവസാനിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള ലക്ഷ്യമാണ് ബോർഡിനെന്നാണു ഭൂരിഭാഗവും കരുതുന്നത്. നിലവിൽ തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങൾ നിയന്ത്രിക്കുന്ന പൂരത്തിന്റെ ചുക്കാൻ ജില്ലാ ഭരണകൂടം, കോർപറേഷൻ, കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവന്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ, എട്ടു ഘടകക്ഷേത്രങ്ങൾ എന്നിവയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയിലേക്ക് കൈമാറണമെന്നാണ് ബോർഡിന്റെ ആവശ്യം.
മുന്പ് പൂരം പ്രദർശനത്തിന്റെ മാതൃകയിൽ നവരാത്രിക്കാലത്തു തേക്കിൻകാട് മൈതാനിയിൽ എക്സിബിഷൻ നടത്തിയതും തറവാടകപ്രശ്നം രൂക്ഷമാക്കിയതും പൂരത്തിനുശേഷം ജൈവമാലിന്യങ്ങൾ പള്ളിത്താമം ഗ്രൗണ്ടിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന നിലപാട് എടുത്തതും ഇപ്പോൾ സത്യവാങ്മൂലം നൽകിയതും തിരുവന്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള കരുക്കൾ നീക്കിയതുമെല്ലാം പൂരം നടത്തിപ്പിൽ മേൽക്കോയ്മ നേടാനാണെന്നു കരുതുന്നവർ ഏറെയാണ്. കോടതി നിലപാടു വ്യക്തമാക്കിയാൽ സർക്കാരിന് ഇടപെടാനും പരിമിതിയുണ്ടാകും.
പൂരം പിടിച്ചടക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് ശ്രമിച്ചാൽ തടയുമെന്നും സമരത്തിനിറങ്ങുമെന്നും പ്രതിരോധിക്കുമെന്നും ബിജെപി വ്യക്തമാക്കി. തിരുവന്പാടി ദേവസ്വം ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുകയും ചെയ്തതോടെ വരാനിരിക്കുന്നതു കടുത്ത പോരാട്ടത്തിന്റെ നാളുകളാണെന്നും ഉറപ്പിക്കാം.