ഓർമച്ചെപ്പു തുറന്ന് വാർത്താചിത്ര പ്രദർശനം
1481467
Saturday, November 23, 2024 7:29 AM IST
തൃശൂർ: പൂർവകാലത്തെ അപൂർവതകൾ ഒപ്പിയെടുത്ത വാർത്താചിത്രങ്ങളുമായി ബ്രില്ല്യന്റ് ഫ്ളാഷസ് ന്യൂസ് ഫോട്ടോ പ്രദർശനം തുടങ്ങി. കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന വാർത്താചിത്ര പ്രദർശനം മൂന്നുദിവസം നീണ്ടുനിൽക്കും.
മണ്മറഞ്ഞുപോയ പ്രഗത്ഭരെ ഓർക്കുന്നത് ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളിലൂടെയാണെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി പറഞ്ഞു. മനുഷ്യരെ നേർവഴിക്ക് നടത്താൻ കഴിവുള്ളവരാണ് മാധ്യമപ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.
എ.ആർ. ജോണ്സണ് നഗറിൽ നടന്ന ചടങ്ങിൽ മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ് അധ്യക്ഷനായി. മുതിർന്ന ഫോട്ടോഗ്രഫർ കെ.കെ. രവിയെ മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ആദരിച്ചു. മുൻ മേയർ ഐ.പി. പോൾ, തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ, കോ-ഓർഡിനേറ്ററും സീനിയർ ഫോട്ടോഗ്രഫറുമായ പി. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.
60 ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ കാലത്തിന്റെ കയ്യൊപ്പിട്ട എഴുപത്തഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിന് സജ്ജീകരിച്ചിരിക്കുന്നത്.