പുത്തൻപള്ളി തിരുനാൾ: കൂടുതുറക്കൽ ഭക്തിനിർഭരം; ഇന്ന് അമ്പ് എഴുന്നള്ളിപ്പ്
1481463
Saturday, November 23, 2024 7:29 AM IST
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്ക തീർഥകേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ചുള്ള കൂടുതുറക്കൽ ഭക്തിസാന്ദ്രമായി. ശതാബ്ദി വർഷത്തിലേക്ക് പ്രവേശിക്കുന്ന ദേവാലയത്തിലെ 99-മത് പ്രതിഷ്ഠാ തിരുനാളിന് ആയിരങ്ങളാണ് എത്തുന്നത്. ഇന്നലെ വൈകീട്ടുനടന്ന വിശുദ്ധ കുർബാനയ്ക്കും നവനാൾ തിരുക്കർമങ്ങൾക്കും ശേഷം നടന്ന കൂടുതുറക്കലിനും രൂപം എഴുന്നള്ളിപ്പിനും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികനായി.
ഇന്ന് വൈകീട്ട് 6.30 മുതൽ ഇടവകയുടെ വിവിധ യൂണിറ്റുകളിൽ നിന്നാരംഭിക്കുന്ന അമ്പ് എഴുന്നള്ളിപ്പുകൾ ബസിലിക്കയിലെത്തി സമാപിക്കും. തിരുനാൾ ദിനമായ നാളെ രാവിലെ ആറിനും 7.30നും പത്തിനും ഉച്ചകഴിഞ്ഞ് 3.30നും രാത്രി 7.30നും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. ബസിലിക്കയുടെ പ്രതിഷ്ഠാദിനം കൂടിയായ നാളെ രാവിലെ 7.30നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. തുടർന്ന് ദേവാലയത്തിന്റെ അൾത്താരയിൽ പ്രത്യേകം തയാറാക്കിയ ദീപംതെളിയിച്ച് പ്രതിഷ്ഠാ ശതാബ്ദിവർഷം ആചരണത്തിനും അദ്ദേഹം തുടക്കംകുറിക്കും.
രാവിലെ പത്തിനുനടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ മുഖ്യകാർമികനാകും. തിങ്കളാഴ്ച രാവിലെ 7.30 നു നടക്കുന്ന വിശുദ്ധ കുർബാനയിൽ ഇടവകയിൽനിന്നു മണ്മറഞ്ഞുപോയ പൂർവികരെ അനുസ്മരിക്കും. വൈകുന്നേരം 6.30 ന് സൗഹൃദ ബാൻഡ് വാദ്യമത്സരവും തുടർന്ന് ഫാൻസി വെടിക്കെട്ടും ഉണ്ടായിരിക്കും.