നിയമസഭാ മന്ദിരവും സ്പീക്കർ ചേമ്പറും സന്ദർശിച്ച് വിദ്യാർഥികൾ
1481470
Saturday, November 23, 2024 7:29 AM IST
കയ്പമംഗലം: ജനാധിപത്യത്തെ തൊട്ടറിയാൻ ശ്രീനാരായണപുരത്തുനിന്നും കുട്ടികൾ നിയമസഭയിലേക്ക്. സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് തയാറാക്കിയ അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ആറാം അധ്യായമായ "ജനങ്ങൾ ജനങ്ങളാൽ' എന്ന പാഠഭാഗമാണ് നിയമസഭയിലെത്താൻ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ വേക്കോട് ഗവ.ഫിഷറീസ് സ്കൂളിലെ കുട്ടികൾക്കു പ്രചോദനമായത്.
ഗ്രാമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെ ക്കുറിച്ച് വിശദമാക്കുന്ന, പാഠഭാഗത്തിൽ വായിച്ചറിഞ്ഞ ജനാധിപത്യരീതികൾ നേരിട്ട് കണ്ടറിയാനുള്ള വഴിതേടിയാണ് അധ്യാപകരും കുട്ടികളും മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസപദ്ധതിയായ അക്ഷര കൈരളിയുടെ ചെയർമാൻ ഇ.ടി. ടൈസൺ എംഎൽഎയെ സമീപിച്ചത്. എംഎൽഎയുടെ ശിപാർശപ്രകാരം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നിയമസഭാ മന്ദിരവും സ്പീക്കർ ചേമ്പറും വിദ്യാർഥികൾക്കു സന്ദർശിക്കുവാൻ അനുമതി നൽകുകയായിരുന്നു.
വിദ്യാർഥികൾക്കൊപ്പം പ്രധാനാധ്യാപിക വി.എസ്. ശ്രീജ, അധ്യാപികമാരായ സി.എം.നിമ്മി, കെ.എസ്. ദിവ്യ, ബിആർസി കോ- ഓഡിനേറ്റർ സി.എസ്. ആതിര, പിടിഎ പ്രസിഡന്റ് അൻസിൽ പുന്നിലത്ത് എന്നിവരും ഉണ്ടായിരുന്നു.