സെന്റ് ജോസഫ്സ് കോളജിന് ഭിന്നശേഷി സൗഹാര്‍ദ പുരസ്കാരം
1481591
Sunday, November 24, 2024 5:37 AM IST
ഇരിങ്ങാലക്കുട: സാമൂഹ്യനീതി വകുപ്പ് നല്കുന്ന സംസ്ഥാനതല മികച്ച ഭിന്നശേഷി സൗഹാര്‍ദ സ്ഥാപനമായി സെന്റ് ജോസഫ്സ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും ഡിസംബര്‍ മൂന്നിന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
കോളജ് ഒരുക്കിയ ഭിന്നശേഷി സൗകര്യങ്ങള്‍, സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ്. ഭിന്നശേഷി സൗഹൃദ റാംപ്, ക്ലാസ് മുറികള്‍, സെമിനാര്‍ ഹോള്‍, ശുചിമുറികള്‍, ലിഫ്റ്റ് സൗകര്യം, വീല്‍ചെയര്‍ സൗകര്യം എന്നിവ കോളജ് ഒരുക്കിയിട്ടുണ്ട്.
കാഴ്ചപരിമിതര്‍ക്കുള്ള കീബോ സോഫ്റ്റ് വെയര്‍ ലഭ്യമായ ലൈബ്രറിയുടെ ഉള്ളില്‍ പ്രത്യേക ലിഫ്റ്റ് സൗകര്യവുമുണ്ട്. കാഴ്ച പരിമിതര്‍ക്കു വായിക്കാനാവുന്ന സൈന്‍ ബോര്‍ഡുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയും കോളജ് ഒരുക്കിയിട്ടുണ്ട്. പരീക്ഷയെഴുതാനുള്ള സ്ക്രൈബ് സൗകര്യം, ഷാഡോ ടീച്ചര്‍ സൗകര്യം, വാചാ പരീക്ഷകള്‍ എന്നിവയും കോളജിന്റെ പ്രത്യേകതയാണ്.
കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും കൈമൊഴി പരിശീലനം നല്‍കുന്നുണ്ട്. സമ്പൂര്‍ണ ആംഗ്യഭാഷാ സാക്ഷരത നേടിയ ആദ്യ കോളജാണ്. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് നേതൃത്വം നല്കുന്ന സാന്‍ജോ ക്രാഫ്റ്റ് വിപണന മേളയിലൂടെ ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.