ആക്ട്സ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
1481466
Saturday, November 23, 2024 7:29 AM IST
ഒല്ലൂർ: ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസ് (ആക്ട്സ്) സംഘടനയുടെ രജതജൂബിലി ആഘോഷങ്ങൾ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കും റോഡ് സുരക്ഷാ ബോധവൽക്കരണത്തിനും തുടക്കമായി. മേയറും ആക്ട്സ് വർക്കിംഗ് പ്രസിഡന്റുമായ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
ആക്സ് ജില്ലാ പ്രസിഡന്റുകൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ചെട്ടിയങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം പി.കെ. ഇബ്രാഹീം ഫലാഹി, പോട്ടോർ ശക്തിബോധി ഗുരുകുലം ട്രസ്റ്റ് ചെയർമാൻ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കൗണ്‍സിലർ ആൻസി ജേക്കബ് പുലിക്കോട്ടിൽ, കുരിയച്ചിറ സെന്റ് പോൾസ് കോണ്‍വന്റ് ഇംഗ്ലീഷ് എച്ച്എസ്എസ് പ്രിൻസിപ്പൽ സിസ്റ്റർ സാന്നിധ്യ, ആക്ട്സ് വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കർ, സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം നടത്തുന്ന സംഘടനയാണ് ആക്ട്സ്. 2000ലാണ് പ്രവർത്തനം തുടങ്ങിയത്. ജില്ലയിൽ നിലവിൽ 17 ബ്രാഞ്ചും 20 ആംബുലൻസുകളും ഇരുനൂറോളം യൂണിറ്റുകളമുണ്ട്.
വർത്തമാന കാലഘട്ടത്തിൽ തലമുറകൾക്ക് മാതൃകയാക്കാവുന്ന മഹാപ്രസ്ഥാനമായും സേവന, സന്നദ്ധപ്രവർത്തന സംഘടനയായും ആക്ട്സിനെ കാണുന്നു. അങ്ങോട്ടു കൊടുക്കുന്ന നമ്മുടെ സംസ്കാരം അന്യംനിന്നുപോകുകയാണോ എന്ന ആശങ്കയ്ക്ക് പരിഹാരമാണ് ആക്ട്സ്. സേവനം അനിവാര്യഘടകമായി ജീവിതത്തിന്റെ സമസ്ത മേഖലകളും ഉണ്ടാകണം.
- ഗവർണർ പി.എസ്. ശ്രീധരൻ പിള്ള.
ആക്ട്സിന്റെ പ്രർത്തനങ്ങൾക്ക് സർക്കാർസഹായം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇനിയെങ്കിലും സർക്കാർ കണ്ണു തുറക്കണം.
- മേയർ എം.കെ. വർഗീസ്.