മഴവെള്ളത്തിൽ കുളിച്ച് റെയിൽവേ യാത്രക്കാർ; പ്ലാറ്റ്ഫോമുകൾ ചോരുന്നതായി പരാതി
1466337
Monday, November 4, 2024 1:47 AM IST
ആലുവ: രണ്ട് ദിവസമായി ശക്തമായി തുടരുന്ന മഴ ആലുവ റെയിൽവേ യാത്രക്കാർക്കും ദുരിതമായി. പഴയതും പുതിയതുമായ പ്ലാറ്റ്ഫോം മേൽക്കൂരകൾക്കിടയിലൂടെ വെള്ളം കുത്തിയൊഴുകുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ കാത്തു നിൽക്കുന്ന യാത്രക്കാർ ഏതെങ്കിലും മൂലയിലേക്ക് കൂട്ടം കൂടി നിന്നാണ് മഴ കൊള്ളാതിരിക്കാൻ ശ്രമിക്കുന്നത്. രണ്ട് വശത്തു കൂടിയും കാറ്റടിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. അതേ സമയം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ഉദ്യോഗസ്ഥൻമാരുടെ ഓഫീസുകൾ ഉള്ളതിനാൽ ചോർച്ച കുറവാണ്.
ഇന്നലെ രാവിലെ റെയിൽവേ സ്റ്റേഷനിലെത്തി കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പതിവ് പോലെ വീണ്ടും പ്രഖ്യാപിച്ച് പോയിരുന്നു. വൻകിട പദ്ധതിയ്ക്ക് മുമ്പേ ചോർന്നൊലിക്കാത്ത മേൽക്കൂര തരൂ യെന്നാണ് ട്രെയിൻ യാത്രക്കാർ ആവശ്യപ്പെടുന്നത്.
കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായിട്ടും സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാരുകൾക്ക് താത്പര്യമില്ലെന്ന വിമർശനം നേരത്തേയുണ്ട്.
ഇപ്പോഴും പ്ലാറ്റ്ഫോമുകൾ മുഴുവനായി മേൽക്കൂരയിടാൻ റെയിൽവേയ്ക്ക് താത്പര്യമില്ല. രണ്ടാമത്തെ മേൽ നടപ്പാലം വന്നത് പോലും ഈ അടുത്ത കാലത്താണ്.