ദുരിതയാത്രയ്ക്ക് അവസാനം; കുണ്ടന്നൂര്‍-തേവര പാലം തുറന്നു
1466605
Tuesday, November 5, 2024 1:58 AM IST
കൊച്ചി: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കുണ്ടന്നൂര്‍ -തേവര പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് പാലം തുറന്നു നല്‍കിയത്. അതേസമയം ടാറിംഗ് ജോലികള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഞായറാഴ്ച രാത്രിമുതല്‍ ചെറിയ വാഹനങ്ങള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഇതുവഴി ഓടിത്തുടങ്ങിയിരുന്നു.
പാലം തുറന്നതോടെ 20 ദിവസം നീണ്ട യാത്രാ ദുരിതത്തിനാണ് അറുതിയായത്. കഴിഞ്ഞ മാസം 15നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പാലം അടച്ചത്. 1.75 കിലോ മീറ്റർ നീളമുള്ള പാലത്തില്‍ സ്റ്റോണ്‍ മാസ്റ്റിക് അസാള്‍ട്ട് (എസ്എംഎ) ടാറിംഗാണ് നടത്തിയിട്ടുള്ളത്. നേരത്തെ പല തവണ ടാറിംഗ് നടത്തിയിട്ടും റോഡില്‍ വീണ്ടും കുഴികള്‍ രൂപപ്പെടുന്നതും പാലത്തിലൂടെയുള്ള വാഹന ഗതാഗതം ദുഷ്കരമാകുന്നതിലും പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് ഇക്കുറി കൂടുതല്‍ ഉറപ്പുള്ള സ്റ്റോണ്‍ മാസ്റ്റിക് അസാള്‍ട്ട് ടാറിംഗ് നടത്താന്‍ തീരുമാനിച്ചത്. ഇതോടൊപ്പം അടച്ച അലക്സാണ്ടര്‍ പറമ്പിത്തറ പാലം ടാറിംഗ് പര്‍ത്തിയാക്കി കഴിഞ്ഞ മാസം 25ന് തുറന്നിരുന്നു.
കുണ്ടന്നൂര്‍ - തേവര പാലം ഒരുമാസം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനായിരുന്നു പദ്ധതി. എന്നാല്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.
കുണ്ടന്നൂര്‍ പാലത്തിലെ എക്സ്പാന്ഷന് ജോയിന്റുകളിലെ വെള്ളക്കെട്ടിനു പരിഹാരം തേടുമെന്നും അധികൃതര്‍ പറഞ്ഞു. 1.75 കിലോ മീറ്റര്‍ പാലത്തില്‍ രണ്ടുവളവുകളും റെയില്‍വേ ഭാഗത്ത് ഉയര്‍ച്ചയുമുണ്ട്. ഈ ഭാഗങ്ങളില്‍ പാലത്തിന്റെ ചെരിവില്‍ അപാകത ഉള്ളതിനാലാണ് വെള്ളക്കെട്ട് വരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം കുണ്ടന്നൂര്‍ പാലത്തിലെ ബസ് സ്റ്റോപ്പ് ഭാഗത്ത് ജലം ഒഴുകിപ്പോകാനുള്ള സംവിധാനം അടച്ചെന്ന പ്രദേശവാസികളുടെ ആരോപണം അധികൃതര്‍ നിരസിച്ചു.
പാലത്തില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ പരിശോധിച്ചു പരിഹരിക്കും. പാലത്തിന്റെ നടപ്പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ കയറാതിരിക്കാന്‍ കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിക്കും. വാഹനങ്ങള്‍ കയറി സ്ലാബുകളില്‍ പലതും തകര്‍ന്ന സാഹചര്യത്തിലാണിത്.