ഗതാഗതക്കുരുക്കിൽ വലഞ്ഞ് കീച്ചേരിപ്പടി ജംഗ്ഷൻ
1466329
Monday, November 4, 2024 1:47 AM IST
മൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയ കീച്ചേരിപ്പടി ജംഗ്ഷൻ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്നു. രണ്ട് വർഷം മുന്പ് നഗരസഭാ കീച്ചേരിപ്പടി ജംഗ്ഷൻ വികസനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും തുടർന്ന നടപടികളുണ്ടായില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ ഇടപെടലുണ്ടായില്ലെന്നാണ് ആക്ഷേപം.
നഗരസഭാ പ്രദേശത്തെ ഏറ്റവും തിരക്കേറിയതും വാണിജ്യ പാർപ്പിട മേഖലയുമാണ് കീച്ചേരിപ്പടി ജംഗ്ഷൻ. കൊച്ചി - ധനുഷ്കോടി ദേശീയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. എംസി റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനുള്ള ബൈപ്പാസ് റോഡ് അവസാനിക്കുന്നതും കീച്ചേരിപ്പടിയിലാണ്. സംസ്ഥാന കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇഇസി മാർക്കറ്റ് സമുച്ചയം, മൂവാറ്റുപുഴ നഗരസഭയുടെ മാർക്കറ്റുകൾ, അഗ്നിരക്ഷാ നിലയം എന്നിവിടങ്ങളിലേക്കെല്ലാം എത്തുന്നതിന് നാട്ടുകാർക്ക് ആശ്രയിക്കേണ്ടി വരുന്നതും പതിറ്റാണ്ട് പഴക്കമുള്ള ഈ ഇടുങ്ങിയ റോഡിനെയാണ്.
മൂവാറ്റുപുഴ ടൗണിൽ നിന്ന് വരുന്ന വാഹനങ്ങളും ടൗണിലേക്ക് പോകേണ്ട വാഹനങ്ങളും കീച്ചേരിപടി ജംഗ്ഷനിൽ തിക്കിതിരക്കുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരം കാണാൻ കീച്ചേരിപടി ജംഗ്ഷൻ വികസനമല്ലാതെ മറ്റ് മർഗമില്ല. ഈ സാഹചര്യത്തിൽ കവല വികസിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്സിൽ രണ്ട് വർഷം മുന്പ് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഗതാഗത തടസം ഒഴിവാക്കുന്നതിനും സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിനും കീച്ചേരിപടി ജംഗ്ഷൻ വികസനം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.