പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
1466607
Tuesday, November 5, 2024 1:58 AM IST
മട്ടാഞ്ചേരി: വിദേശ വനിതകളെ ആക്രമിക്കുന്നതായി ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ അമീർ സുഹൈൽ(24), അറാഫത്ത്(22), സനോവർ(24) എന്നിവരെയാണ് മട്ടാഞ്ചേരി അസി. കമ്മീഷണർ പി.ബി. കിരൺ, സിഐ കെ.എ. ഷിബിൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 11.45 ഓടെ മട്ടാഞ്ചേരി സ്റ്റേഷനിലേക്ക് വിദേശ വനിതകളെ ആക്രമിക്കുന്നതായി ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ കൽവത്തി പാലത്തിന് സമീപത്തുവച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പിടികൂടിയ പ്രതികളിൽ ഒരാളെ പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ മറ്റ് പ്രതികൾ ബലമായി മോചിപ്പിക്കുകയായിരുന്നു. 12 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരവേയാണ് പ്രതികൾ പിടിയിലാകുന്നത്.
പിടിയിലായവർ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളിലും മറ്റ് കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മട്ടാഞ്ചേരി എസ്ഐ ജിമ്മി ജോസ്, എസ്ഐ മധുസൂദനൻ, എസ്ഐ സത്യൻ, എഎസ്ഐ ഷൈമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
മട്ടാഞ്ചേരി - ഫോർട്ട്കൊച്ചി അതിർത്തി പ്രദേശമായ സ്ഥലത്ത് മട്ടാഞ്ചേരി ഫോർട്ടുകൊച്ചി പൊലിസ് സ്റ്റേഷനുകളിൽ നിന്നുള്ള പട്രോളിംഗ് ശക്തമാക്കിയതായും മറ്റ് പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.