ആക്കാച്ചേരി കുളം നവീകരിച്ചതിൽ ക്രമക്കേട്; റിപ്പോർട്ട് തേടി വിജിലൻസ് കോടതി
1466346
Monday, November 4, 2024 1:47 AM IST
മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന് 20 ലക്ഷം മുടക്കി വെങ്ങോല പഞ്ചായത്ത് 12-ാം വാർഡിലെ വാരിക്കാട് ആക്കാച്ചേരി കുളം നവീകരിച്ചതിൽ ഗുരുതര ക്രമക്കേട് നടന്നതായ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു.
വെങ്ങോല സ്വദേശിയായ പൊതുപ്രവർത്തകൻ എം.എസ്. അനൂപ് നൽകിയ ഹർജിയിലാണ് ഇതുസംബന്ധിച്ച് വിജിലൻസ് എറണാകുളം യൂണിറ്റിനോട് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
വാർഡംഗം തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി വ്യാജ കത്ത് പഞ്ചായത്ത് ഭരണസമിതിക്ക് നൽകിയതായി പരാതിക്കാരൻ പറയുന്നു. പ്രോജക്ട് റിപ്പോർട്ടിന് വിരുദ്ധമായി കുളത്തിലെ ചെളി നീക്കം ചെയ്യാതെയും ഫൗണ്ടേഷൻ ബെൽറ്റ് വാർക്കാതെയും മിഡിൽ ബെൽറ്റ് കരിങ്കൽകെട്ട് എന്നിവയിൽ കൃത്രിമം കാണിച്ചു. ഇതുമായി ബന്ധപ്പെട്ടവർ അളവിലും കണക്കിലും കൃത്രിമംകാട്ടി കൂടുതൽ തുക കരാറുകാരന് നൽകി അഴിമതി നടത്തിയതായും പരാതിക്കാരൻ ആരോപിക്കുന്നു.
നിർമാണം വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിൽ വിശദമായ വാദം കേട്ടശേഷം കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വാർഡംഗം, ജില്ലാ പഞ്ചായത്തംഗം, കരാറുകാരൻ, പഞ്ചായത്ത് ജീവനക്കാർ എന്നിങ്ങനെ ആറുപേർക്കെതിരെയായിരുന്നു കേസ്. ഹർജിക്കാരനുവേണ്ടി അഭിഭാഷകൻ എ.കെ. ശ്രീകാന്ത് ഹാജരായി.