കെ.കെ. രാജേഷ്കുമാര്‍ പുരസ്കാരം പായല്‍ കപാഡിയയ്ക്ക്
1466024
Sunday, November 3, 2024 4:48 AM IST
അങ്കമാലി: കെ.കെ. രാജേഷ് കുമാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ 2024 ലെ പുരസ്കാരത്തിന് ചലച്ചിത്ര സംവിധായിക പായല്‍ കപാഡിയ അര്‍ഹയായി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന് സലിം അഹമ്മദ് പുരസ്കാരം സമ്മാനിക്കും.
25,000 രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ സംവിധായികയായ പായല്‍ കപാഡിയ അധികാര സ്ഥാനങ്ങള്‍ക്കെതിരായ അചഞ്ചലമായ നിലപാടുകള്‍ കൊണ്ടും സിനിമാ സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങളുടെ വ്യക്തിഗതമായ ആവിഷ്കാരം കൊണ്ടും വര്‍ത്തമാനകാലത്ത് പ്രസക്തയാണ്.
സംവിധായകന് സലിം അഹമ്മദ്, എഡിറ്റര്‍ ബീന പോള്‍, നടി സുരഭി ലക്ഷ്മി എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ സംഘടനയായ ടെക്നോസിന്റെ സ്ഥാപകചെയര്‍മാനും കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥി പാര്‍ലമെന്റിന്റെ പ്രഥമ സെക്രട്ടറി ജനറലുമായിരുന്ന രാജേഷ് കുമാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.