‘അമ്മ'യില്‍ പുതിയ കമ്മിറ്റി ഉടൻ: സുരേഷ് ഗോപി
1465746
Saturday, November 2, 2024 2:47 AM IST
കൊച്ചി: താരസംഘടനയായ "അമ്മ'യില്‍ പുതിയ കമ്മിറ്റിയുണ്ടാകുമെന്ന് നടനും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപി. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളത്തെ അമ്മ ആസ്ഥാനത്ത് നടന്ന കുടുംബ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മ ശക്തമായി തിരിച്ചുവരും. പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകും.
ഇതു സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. പുതിയ കമ്മിറ്റിക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്നും സുരേഷ് ഗോപി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംഘടന ഇപ്പോഴും സജീവമാണെന്നും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും നടന് വിനു മോഹന്‍ പ്രതികരിച്ചു. നടന്നത് യോഗമല്ലെന്നും അംഗങ്ങളുടെ ഒത്തുചേരല്‍ മാത്രമാണെന്നും വിനു മോഹന്‍ പറഞ്ഞു. രാജിവച്ച അതേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് ധര്‍ജന്‍ ബോള്‍ഗാട്ടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കു ശേഷം ആദ്യമായാണ് അമ്മയുടെ പൊതുപരിപാടി നടക്കുന്നത്. ജയന് ചേര്‍ത്തല, ബാബു രാജ്, ടിനി ടോം, അനൂപ് മേനോന്, ഹരിശ്രീ അശോകന്, സുരേഷ് കൃഷ്ണ, ഷാജു ശ്രീധര്‍, ബീന ആന്റണി, കലാഭവന്‍ പ്രജോദ് തുടങ്ങിയവരും ഒത്തുചേരലില്‍ പങ്കെടുത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സിനിമാ വിവാദങ്ങള്‍ക്കുശേഷം അമ്മയുടെ നേതൃത്വത്തില്‍ ഒരു പരിപാടിയും നടന്നിരുന്നില്ല. ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. ഇതിനു പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റായ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി ഒഴിഞ്ഞത്.