കേരള സ്കൂൾ കായികമേള : സ്വർണക്കപ്പിന് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി
1466032
Sunday, November 3, 2024 4:59 AM IST
മൂവാറ്റുപുഴ: കേരള സ്കൂൾ കായികമേളയുടെ സ്വർണക്കപ്പിന് മൂവാറ്റുപുഴയിൽ ഉജ്ജ്വല സ്വീകരണം നൽകി. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് അതേ നിലവാരത്തിൽ കായികമേള നടത്തുവാനും ഒരുങ്ങുകയാണ്. സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ കായികമേളയിൽ ചാന്പ്യന്മാരാകുന്ന ജില്ലയ്ക്കാണ് എവറോളിംഗ് സ്വർണക്കപ്പ് നൽകുന്നത്.
നാല് മുതൽ 11 വരെ കൊച്ചിയിൽ നടക്കുന്ന ഒളിന്പിക്സ് മാതൃകയിലുള്ള സ്കൂൾ കായികമേളയിൽ കൊച്ചിയിലെ 17 വേദികളിലായി 39 ഇനങ്ങളുടെ ചാന്പ്യൻഷിപ്പ് ഒരുമിച്ച് നടത്തും. 24,000 കായികതാരങ്ങൾ മത്സരത്തിനെത്തും.
ഇടുക്കി ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ നിന്നും മൂവാറ്റുപുഴ ഡിഇഒ ആർ. സുമ, കല്ലൂർകാട് എഇഒ രാജേഷ്, പിറവം എഇഒ സജീവ്, ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ഷാജി, നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം എന്നിവർചേർന്ന് സ്വീകരിച്ച് വാഹനങ്ങളുടെ അകന്പടിയോടെയാണ് നിർമല സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചത്.
ബാൻഡ് സെറ്റിന്റെയും, എൻസിസി കേഡറ്റുകളുടെയും അകന്പടിയോടെയായിരുന്നു സ്വീകരണം. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. സുമ, നഗരസഭാ വൈസ് ചെയർപേഴ്സണ് സിനി പൂനാട്ട്, നഗരസഭാംഗങ്ങളായ ജാഫർ സാദിഖ്, സുബൈർ എന്നിവർ ഹാരാർപ്പണം നടത്തി. നിർമല സ്കൂൾ,
സെന്റ്. ആഗസ്റ്റിൻസ്, എസ്എൻഡിപി, തർബിയത്, ഈസ്റ്റ് ഹൈസ്കൂൾ എന്നീ സ്കൂളുകളിലെ കുട്ടികളും, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ പ്രധാനാധ്യാപകരും സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. തുടർന്ന് മൂവാറ്റുപുഴയുടെ അതിർത്തിയിൽ കോതമംഗലം വിദ്യാഭ്യാസ ജില്ല ട്രോഫി സ്വീകരിച്ചു.