വിരമിച്ച് 28 വർഷങ്ങൾക്ക് ശേഷം പഠിപ്പിച്ച വിദ്യാലയത്തിൽ നൃത്ത വിദ്യാർഥിനിയായി ലീല ടീച്ചർ
1466343
Monday, November 4, 2024 1:47 AM IST
കൂത്താട്ടുകുളം: പഠിപ്പിച്ച വിദ്യാലയത്തിൽ വിരമിച്ച് 28 വർഷങ്ങൾക്ക് ശേഷം നൃത്ത വിദ്യാർഥിനിയായെത്തി ലീല വർഗീസ്. കാരമല സെന്റ് പീറ്റേഴ്സ് യുപി സ്കൂളിലെ അധ്യാപികയായിരുന്ന ലീല വർഗീസാണ് 84-ാം വയസിൽ സ്വന്തം വിദ്യാലയത്തിൽ നൃത്തം അഭ്യസിക്കാനെത്തിയത്.
ലീല ഇപ്പോൾ കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലെ വനിതാ സമാജം പ്രവർത്തകയാണ്. സമാജത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 14ന് നടക്കാനിരിക്കുന്ന മേഖലാതല പരിപാടികളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നൃത്തം അഭ്യസിക്കുന്നത്.
ലീല വർഗീസിനൊപ്പം സമാജം ട്രഷറർ മേരി മാത്യു, അംഗം സ്റ്റെഫി ജോർജ് എന്നിവരും നൃത്തം പഠിക്കുന്നുണ്ട്. കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ കീഴിൽ സ്കൂൾ മാനേജർ ഫാ. ഗീവർഗീസ് വള്ളിക്കാട്ടിലിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. നാട്യക്ഷേത്ര സ്കൂൾ ഓഫ് ഡാൻസിലെ നൃത്ത അധ്യാപിക ആര്യ സി. ബാലന്റെ ശിക്ഷണത്തിലാണ് ലീലയടങ്ങുന്ന സമാജ അംഗങ്ങൾ നൃത്തം അഭ്യസിക്കുന്നത്.
ഇവരെ കൂടാതെ ആറു വയസ് മുതൽ വിവിധ പ്രായങ്ങളിലുള്ള 17 മറ്റ് വിദ്യാർഥികളും ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, തിരുവാതിര, മാർഗംകളി തുടങ്ങിയവ ഇവിടെ പരിശീലിക്കുന്നുണ്ട്.
ഇവയ്ക്ക് എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നത് സ്കൂളിലെ അധ്യാപിക കെ.പി. ശ്രീകലയാണ്.