പിറവം ചിന്മയിൽ അധ്യാപകരുടെ ശില്പശാല തുടങ്ങി
1466331
Monday, November 4, 2024 1:47 AM IST
പിറവം: ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയും ഡൽഹി നോയിഡ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷനൽ ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസും (ഐഇഡിഎസ്) സംയുക്തമായി ഇൻഡ്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ (ഐസിഎസ്എസ്ആർ) ധനസഹായത്തോടെ കോളജ് അധ്യാപകരുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയുള്ള ശില്പശാല തുടങ്ങി.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശില്പശാലയ്ക്ക് സർവകലാശാലയുടെ വെളിയനാട്ടുള്ള ആദിശങ്കര നിലയം വേദിയാകും. സർവകലാശാലയുടെ സ്കൂൾ ഓഫ് ഫിലോസോഫി, സൈക്കോളജി ആൻഡ് സൈൻന്റിഫിക്ക് ഹെറിറ്റേജിന്റെ നേതൃത്വത്തിലാണ് ശിൽപശാല നടക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ കോളേജുകളിലെ അസിസ്റ്റന്റ് പ്രോഫസർമാരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.
ചിൻമയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല രജിസ്ട്രാർ പ്രഫ.ടി. അശോകൻ ശിൽപശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. മീററ്റിലെ ചൗധിരി ചരൺസിംഗ് സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രഫ. എൻ.കെ. തനേജ മുഖ്യഅതിഥിയായി ചടങ്ങിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി.