പെരുമ്പാവൂർ അർബൻ ബാങ്കിലെ ക്രമക്കേട്: ലീഗ് നേതാവ് അറസ്റ്റിൽ
1465741
Saturday, November 2, 2024 2:47 AM IST
പെരുമ്പാവൂർ: യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ ക്രമക്കേടിൽ ഭരണ സമിതി അംഗമായ ലീഗ് നേതാവ് അറസ്റ്റിൽ. ലീഗ് ജില്ലാ കൗൺസിൽ അംഗം കാഞ്ഞിരക്കാട് കളപ്പുരയ്ക്കൽ എസ്. ഷറഫ് (60) ആണ് അറസ്റ്റിലായത്. ശ്രീലങ്കയിലേക്കു പോകാനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചു പോലീസിൽ അറിയിക്കുകയായിരുന്നു.
വ്യാജ, ബേനാമി വായ്പകൾക്കു കൂട്ടുനിന്നതിന് ഇദ്ദേഹത്തിൽ നിന്ന് 1.93 കോടി രൂപ പിഴയിടാൻ സഹകരണ ജോയിന്റ് രജിസ്ട്രാർ ഉത്തരവിടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിൽ പോലീസ് കേസെടുത്തിട്ടുണ്ട്. രാജ്യം വിട്ടുപോകുന്നത് തടയണമെന്നാവശ്യപ്പെട്ട് നിക്ഷേപ സംരക്ഷണ സമിതി പരാതി നൽകിയതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ശ്രീലങ്കയിൽ നടക്കുന്ന ഒരു പ്രദർശനത്തിൽ പങ്കെടുക്കാൻ പോകുന്നതിനാണു ഷറഫ് വിമാനത്താവളത്തിൽ എത്തിയത്. മുസ്ലിം ലീഗ് മുൻ പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റാണ് ഇദ്ദേഹം.
ബാങ്കിന്റെ മുൻ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ജീവനക്കാരും ഉൾപ്പെടെ 26 പേർക്കെതിരെ നിലവിൽ കേസ് ഉണ്ട്. 33 കോടിയിലധികം രൂപയാണ് രജിസ്ട്രാർ ഇവർക്ക് പിഴ ഈടാക്കിയിട്ടുള്ളത്. കൂടാതെ പല അംഗങ്ങളും കോടിക്കണക്കിന് രൂപ വായ്പയായി പലരുടെയും പേരിൽ വായ്പ എടുത്തിട്ട് അടയ്ക്കാതെ കുടിശികയാക്കിയതിനും കേസ് നിലനിൽക്കുന്നുണ്ട്. പല അംഗങ്ങളും ഒളിവിലാണ്.