ഭൂമി വിൽപനയുമായി ബന്ധപ്പെട്ട പരാതി വ്യാജമെന്ന് ആന്റണി കുരീത്തറ
1465740
Saturday, November 2, 2024 2:47 AM IST
മട്ടാഞ്ചേരി: ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് നൽകിയ പരാതി വ്യാജമാണെന്നും തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ. ആന്റണി കുരീത്തറയുടെ രാജിയ്ക്കായി സിപിഎം പ്രക്ഷോഭം ഇന്ന് നടക്കാനിരിക്കെയാണ് അദ്ദേഹം പ്രസ്താവനയുമായി രംഗത്തെത്തിയത്.
ജോസഫ് സ്റ്റാൻലിയെന്ന ഭൂവുടമ, മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വിൽപന കരാറിൽ സാക്ഷിയായി ഒപ്പിട്ട തന്നെ നാലാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്.
2006 ൽ നടത്തിയ ആധാരത്തിൽ ഭൂവുടമ ആധാരത്തിൽ ഒപ്പുവച്ചു എന്ന് രേഖപ്പെടുത്തുന്നതിനായി സാക്ഷിയെന്ന നിലയിൽ താൻ ഒപ്പിടുകയുണ്ടായി. ഭൂവുടമ തീറ് വിലയായ 20 ലക്ഷം രൂപ, അദ്ദേഹത്തിന്റെ തന്നെ സ്ഥാപനമായ സിസി ഗ്രൂപ്പിന്റെ കൊച്ചി ഫെഡറൽ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയതായും കുരീത്തറ പറഞ്ഞു.
പരാതിക്കാരനായ ജോസഫ് സ്റ്റാൻലിക്ക് സുഖമില്ലാത്തതിനാൽ രജിസ്ട്രാറെ അദ്ദേഹത്തിന്റെ വസതിയിൽ വിളിച്ചുവരുത്തിയാണ് രജിസ്ട്രേഷൻ നടത്തിയത്. ജോസഫ് സ്റ്റാൻലി ഒപ്പിടുന്നത് കണ്ടു എന്ന സാക്ഷ്യപ്പെടുത്തലാണ് താൻ ചെയ്തിട്ടുള്ളതെന്നും ആന്റണി കുരീത്തറ പറഞ്ഞു.