പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന പരാതി; അപ്പീലില്‍ 13ന് വിധി പറയും
1466608
Tuesday, November 5, 2024 1:58 AM IST
കൊച്ചി: പൊന്നാനിയിലെ വീട്ടമ്മയെ പോലിസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ സിഐ വിനോദ് നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഈ മാസം 13ന് വിധിപറയും. കേസ് തീര്‍പ്പാകും വരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വിനോദിന് പുറമേ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി എന്നിവര്‍ക്കെതിരേയും യുവതി പരാതിയുന്നയിച്ചിരുന്നു.
2022ലെ സംഭവത്തില്‍ ഇനിയും കേസെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി യുവതി നല്കിയ ഹര്‍ജിയില്‍ നേരത്തേ ഹൈക്കോടതി സിംഗിള്‍ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സിംഗിള്‍ബെഞ്ച് പോലീസിന് നിര്‍ദേശം നല്കി.
ഡിഐജിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട മജിസ്ട്രേറ്റ് കോടതിയുടെ നടപടിയില്‍ വിശദീകരണം തേടുകയും ചെയ്തു. ഇതിനെതിരേയാണ് സിഐ അപ്പീല്‍ നല്‍കിയത്.
വിചാരണക്കോടതിയില്‍ നിന്ന് അന്തിമ ഉത്തരവ് വന്നിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമുണ്ടോയെന്ന് ഡിവിഷന്‍ബെഞ്ച് ആരാഞ്ഞിരുന്നു.
മജിസ്ട്രേറ്റ് കോടതിയുടെ നടപടി സംബന്ധിച്ച് സിംഗിള്‍ബെഞ്ച് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണെന്നും ഹര്ജിക്കാരന് സിംഗിള്‍ബെഞ്ചില്‍ കക്ഷിയായിരുന്നില്ലെന്നും ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാട്ടി.