നഗരസഭ കൗണ്‍സിലർ നിരാഹാര സമരം നടത്തി
1466609
Tuesday, November 5, 2024 1:58 AM IST
മൂവാറ്റുപുഴ: നഗരസഭ കൗണ്‍സിലിൽ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൾ സലാം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് അംഗം ലൈല ഹനീഫ നിരാഹാര സമരം നടത്തി. മൂവാറ്റുപുഴ നഗരസഭ കാര്യാലയത്തിന് മുന്നിൽ ഇന്നലെ രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ചു വരെയായിരുന്നു നിരാഹാര സമരം. കഴിഞ്ഞ ബുധനാഴ്ച നടന്ന കൗണ്‍സിൽ യോഗത്തിൽ ലഹരിമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ അജി മുണ്ടാട്ടും, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷനും, മുസ്ലീം ലീഗ് അംഗവുമായ പി.എം. അബ്ദുൾ സലാമും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അബ്ദുൽ സലാം അസഭ്യം പറയുകയും അപമാനിക്കുകയുമായിരുന്നു വെന്നാണ് ലൈല ഹനീഫ പറയുന്നത്. ഇതേത്തുടർന്നാണ് അബ്ദുൽ സലാം മത സാമൂഹിക രാഷ്ട്രീയ നേതൃത്വത്തിൽ ഇരിക്കുന്നത് പൊതുസമൂഹത്തിന് അപമാനമാണെന്നാരോപിച്ചുള്ള പ്ലക്കാർഡുമേന്തിയാണ് ലൈല ഹനീഫ നിരാഹാര സമരമിരുന്നത്. സംഭവത്തിൽ ലീഗ് വനിത കൗണ്‍സിലർക്ക് പിന്തുണയുമായി എൽഡിഎഫ് പ്രവർത്തകരും രംഗത്തെത്തി.
സിപിഎം ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് അനീഷ് എം. മാത്യു, സിപിഐ ജില്ല എക്സിക്യൂട്ടിവ് അംഗം കെ.എ. നവാസ്, നഗരസഭാംഗങ്ങളായ ആർ. രാകേഷ്, കെ.ജി. അനിൽകുമാർ, ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഷാലി ജെയിൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഭവത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്പിക്കും, നഗരസഭാ സെക്രട്ടറിക്കും, മുസ്ലിം ലീഗ് നേതൃത്വത്തിനും ലൈല ഹനീഫ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
ആരോപണം കെട്ടിച്ചമച്ചത്: അബ്ദുൾ സലാം
മൂവാറ്റുപുഴ: നഗരസഭ കൗണ്‍സിലർ ലൈല ഹനീഫയെ അസഭ്യം പറയുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്നത് കെട്ടിച്ചമച്ചതാണെന്നും തന്റെ ഭാഗത്തുനിന്ന് മോശമായ പ്രവർത്തികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൾ സലാം പറഞ്ഞു.
വിഷയത്തിൽ എൽഡിഎഫ് രാഷ്ട്രീയം കളിക്കുകയാണെന്നും, സമൂഹത്തിൽ തന്നെ മോശക്കാരനാക്കാനാണ് ശ്രമിക്കുന്നതെന്നും അബ്ദുൽസലാം പറഞ്ഞു. വിഷയം ചർച്ച ചെയ്യുന്നതിനായി പാർട്ടി നേതൃത്വം യോഗം വിളിച്ചിരുന്നെങ്കിലും ലൈല ഹനീഫ പങ്കെടുത്തില്ലെന്നും, വനിത കൗണ്‍സിലർ തയാറായാൽ ഇനിയും ചർച്ചയ്ക്ക് തയാറാണെന്നും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ പറഞ്ഞു.