കനത്തമഴ: വെള്ളക്കെട്ടിൽ മുങ്ങി മൂവാറ്റുപുഴ നഗരം
1466610
Tuesday, November 5, 2024 1:58 AM IST
മൂവാറ്റുപുഴ: കനത്തമഴയിൽ വെള്ളക്കെട്ടിൽ മുങ്ങി മൂവാറ്റുപുഴ നഗരം. ഇന്നലെ വൈകുന്നേരം മുന്നോടെ ആരംഭിച്ച ശക്തമായ മഴയെ തുടർന്നാണ് നഗത്തിലെ പ്രധാനറോഡുകളടക്കം വെള്ളത്തിനടിയിലായത്. രണ്ടുമണിക്കൂറോളം തുടർന്ന ശക്തമായ മഴയിൽ വിവിധ റോഡുകളിലും വീടുകളിലും വ്യാപരസ്ഥാപനങ്ങളിലുമടക്കം വെള്ളം കയറി.
മൂവാറ്റുപുഴ നഗരത്തിലെ 130 ജംഗ്ഷൻ, പേട്ട റോഡ്, പിഒ ജംഗ്ഷൻ, കച്ചേരിത്താഴം, ആശ്രമം ബസ്സ്റ്റാൻഡ്, പേഴയ്ക്കാപ്പിള്ളി,വാഴപ്പിള്ളി തുടങ്ങിയ ഇടങ്ങളാണ് മണിക്കൂറുകൾ കൊണ്ട് വെള്ളത്തിനടിയിലായത്.
റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നഗരത്തിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴിയും റോഡും തിരിച്ചറിയാൻ സാധിക്കാതെ വന്നതും കുരുക്ക് രൂക്ഷമാക്കി.
കനത്തമഴയെ തുടർന്ന് നഗരസഭ 16-ാം വാർഡ് പേട്ടയിലെ അങ്കണവാടിയടക്കം വെള്ളത്തിനടിയിലായി.
കാനനിർമണത്തിലെ അശാസ്ത്രീയതയും വെള്ളം ഒഴുകിപ്പോകാൻ സ്ഥമില്ലാത്തതുമാണ് നഗരത്തിൽ വെള്ളക്കെട്ടിന് കാരണമാകുന്നതെന്നാണ് നഗരവാസികളുടെ വാദം.