വിവാഹം അസാധുവാക്കിയതിനാല്‍ യുവാവിനെതിരെയുള്ള ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി
1465748
Saturday, November 2, 2024 2:47 AM IST
കൊച്ചി: വിവാഹം അസാധുവാക്കിയതിനാല്‍ യുവാവിനെതിരെ പങ്കാളിയായിരുന്ന യുവതി നല്കിയ ഗാര്‍ഹിക പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം മണക്കാട് സ്വദേശിക്കെതിരെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മഡിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്. യുവാവ് നല്കിയ ഹര്‍ജിയിലാണ് നടപടി. 2009ലാണ് ഹര്‍ജിക്കാരനും യുവതിയും ഒരുമിച്ചുതാമസം തുടങ്ങിയത്. എന്നാല്‍ യുവതി ആദ്യ വിവാഹബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് കുടുംബക്കോടതി വിധിച്ചു.
ഒരുമിച്ചു ജീവിച്ച കാലഘട്ടില്‍ ഹര്ജിക്കാരന് ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. അതേസമയം, വിവാഹബന്ധം സാധുവല്ലെന്ന് കുടുംബക്കോടതി വിധിച്ചതിനാല്‍ തന്നെ ഭര്‍ത്താവായി കാണാനാകില്ലെന്ന് ഹര്ജിക്കാരന് വാദിച്ചു.
ഭര്‍ത്താവോ ഭര്‍തൃബന്ധുക്കളോ ഉപദ്രവിക്കുന്നതു മാത്രമാണ് ഗാര്‍ഹിക പീഡന നിയമ വ്യവസ്ഥയുടെ (ഐപിസി 498എ, ബിഎന്‍എസ് 85) നിര്‍വചനത്തില്‍ വരുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി യുവാവിന്റെ വാദം ശരിവച്ച് കേസിന്റെ തുടര്‍നടപടികള്‍ റദ്ദാക്കി.