വൈദ്യ സഹായത്തിനു ആരോഗ്യവകുപ്പ് സജ്ജം
1465996
Sunday, November 3, 2024 4:37 AM IST
കൊച്ചി: കേരള സ്കൂള്‍ കായിക മേളയുടെ 17 വേദികളിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും വൈദ്യസഹായങ്ങള്ക്കുമായി ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജം.
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തെ തയാറാക്കിയിട്ടുണ്ടെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മത്സരവേദികളുടെ സമീപപരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യേക സംഘത്തെ നിയോഗിക്കും.
കൂടാതെ താമസസൗകര്യം ഒരുക്കിയിട്ടുള്ള ഇടങ്ങളിലും ഭക്ഷണവിതരണ കേന്ദ്രങ്ങളിലും യഥാസമയം ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി അതതു പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ആശുപത്രി മേധാവികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയോഗിക്കപ്പെട്ട പ്രത്യേക സംഘങ്ങള്‍ ഇതിനകം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. കോര്പറേഷന് പരിധിയില്‍ താമസസൗകര്യം ഒരുക്കിയിട്ടുള്ള ഇടങ്ങളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ഭക്ഷണ വിവരങ്ങള്‍ അറിയാന്‍ ക്യൂആര്‍ കോഡ്
കൊച്ചി: കേരള സ്കൂള്‍ കായികമേളയുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ അറിയാം. ക്യൂആര്‍ കോഡിന്റെ പ്രകാശനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
വിതരണ കേന്ദ്രങ്ങള്‍, അവിടേക്കുള്ള റൂട്ട് മാപ്പ്, ചുമതലക്കാരുടെ ഫോണ്‍ നമ്പറുകള്‍, ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ക്യു ആര് കോഡിലുണ്ട്. പ്രതിദിനം 12 കേന്ദ്രങ്ങളില്‍ 20,000ല്‍ പരം പേര്‍ക്ക് മൂന്നുനേരം സുഗമമായി ആഹാരം നല്‍കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഭക്ഷണ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.
ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍, കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ എല്‍. മാഗി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.