കരാറുകാരനു നേരെ സാമൂഹിക വിരുദ്ധരുടെ കൈയേറ്റം
1465747
Saturday, November 2, 2024 2:47 AM IST
കൊച്ചി: ചെലവന്നൂര്‍ ബണ്ട് റോഡ് പാലം പുനര്‍നിര്‍മാണം ഏറ്റെടുത്ത കരാറുകാരനെ സാമൂഹിക വിരുദ്ധര്‍ കൈയേറ്റം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം 75 ഓളം വരുന്ന ഒരു കൂട്ടം ആളുകള്‍, സൈറ്റില്‍ അനധികൃതമായി പ്രവേശിച്ച് കരാറുകാരന്റെ ജീവനക്കാരെ കൈയേറ്റം ചെയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി കെഎംആര്‍എല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ഭാവിയിലും ആവര്‍ത്തിച്ചാല്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തേണ്ടി വരുമെന്നും കരാറുകാര്‍ അറിയിച്ചിട്ടുള്ളതായാണ് അറിയിപ്പിലുള്ളത്.
കഴിഞ്ഞ ദിസവങ്ങളില്‍ രൂപരേഖയുടെ തകരാറു മൂലം ബണ്ട് റോഡ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ ചില മാധ്യമങ്ങളിലും വാട്സാപ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. ഇതറിഞ്ഞെത്തിയ ചില ഇരുചക്ര വാഹനയാത്രക്കാര്‍ , സൈറ്റില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ തകര്‍ക്കുകയും, നിര്‍ബന്ധ പൂര്‍വം സൈറ്റിലേക് പ്രവേശിക്കുകയും ചെയ്യുകയുണ്ടായി. പാലത്തിനു സമീപം താമസിക്കുന്ന വീട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും പോകുന്നതിനു വേണ്ടി ഒരുക്കിയിരുന്ന വഴിയിലൂടെ ഇവര്‍ അതിക്രമിച്ചു കടക്കുകയായിരുന്നുവെന്നുവെന്ന് കെഎംആര്‍എല്ലിന്റെ പത്രക്കുറുപ്പില്‍ പറയുന്നു.
കെഎംആര്‍എല്ലിന്റെ നേതൃത്വത്തില്‍ ചിെലവന്നൂര് ബണ്ട് റോഡ് പാലം പുനര്‍നിർമാണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ അത്യാവശ്യ സര്‍വീസ് ഒഴികെയുള്ള ഗതാഗതത്തിനു പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാലത്തിന്റെ പൈല് ലോഡ് ടെസ്റ്റിന്റെ ക്രമീകരണങ്ങള്‍ നടക്കുന്നതിനാലും മെയിന്‍ സ്പാനിന്റെ പൈലിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനാലും കാല്‍നട യാത്രക്കാരുടെയും വാഹനങ്ങളുടെയും പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന വീടുകളുടെയും സുരക്ഷയെ മുന്കരുതിയുമായിരുന്നു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിലവിലുള്ള പാലം അശാസ്ത്രീയമായി നിര്മിച്ചതിനാല് കനാലിലെ നീരൊഴുക്ക് തടസപ്പെട്ട് നഗരത്തില്‍ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടായതിനാലാണ് അടിയന്തരമായി പാലം പുനര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കിഫ്ബിയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നിലവില്‍ പാലത്തിലേക്ക് എത്താന്‍ മൂന്നുമീറ്ററില്‍ താഴെ വീതിയുള്ള ഇടുങ്ങിയ റോഡുകള്‍ മാത്രമേ ഉള്ളൂ.
കുണ്ടന്നൂര്‍ പാലം അടച്ചതും മറ്റു സമാന്തര പാലങ്ങള്‍ ഇല്ലാത്തതും കൂടിയായതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സുഗമമായ ഗതാഗതം സാധ്യമാകുമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.