ഇടക്കൊച്ചിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുങ്ങുന്നു
1466336
Monday, November 4, 2024 1:47 AM IST
ഇടക്കൊച്ചി: കൊച്ചി നഗരസഭയുടെ കീഴിൽ ആദ്യത്തെ മലിനജല സംസ്കരണ പ്ലാന്റിന്റെ (എസ്ടിപി) നിർമാണം ഇടക്കൊച്ചിയിൽ പുരോഗമിക്കുന്നു. നഗരസഭയുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് അമൃത് പദ്ധതി വഴി 18 കോടി ചെലവഴിച്ചാണ് നിർമിക്കുന്നത്. കൊച്ചി നഗരത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത് 48 വർഷം മുന്പാണ്. വാട്ടർ അഥാറിറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. പിന്നീട് മികച്ച സജ്ജീകരണങ്ങളുള്ള ഒരു പ്ലാന്റ് നഗരത്തിലെവിടെയും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ നഗരസഭ പലയിടത്തും ശ്രമം നടത്തിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പ് ഉൾപ്പെടെ പലവിധ കാരണങ്ങളാൽ അത് നടപ്പായില്ല. മേയർ എം. അനിൽകുമാർ മുൻകൈയെടുത്ത് ഇടക്കൊച്ചിയിൽ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചപ്പോഴും വലിയ എതിർപ്പുണ്ടായെങ്കിലും നിരന്തരമായ പരിപാടികളിലൂടെ ജനങ്ങളെ ബോധവത്കരിച്ച് തുടങ്ങിയ പദ്ധതിയുടെ നിർമാണം ഇപ്പോൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്.
2,576 വീടുകളിലേക്ക് കണക്ഷൻ
ഇടക്കൊച്ചി 16-ാം വാർഡിലെ 2,576 വീടുകളിലേക്കാണ് സീവേജ് കണക്ഷൻ നൽകുന്നത്. പൈപ്പ് ഇടുന്ന ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ എതിർപ്പുകൾ നേരിട്ടെങ്കിലും ഇപ്പോൾ പലയിടത്തും പൈപ്പ് ഇടുന്ന കാര്യത്തിൽ ആവശ്യവുമായി നാട്ടുകാർ മുന്നോട്ടുവരുന്നുണ്ടെന്ന് വാർഡ് കൗൺസിലർ അഭിലാഷ് തോപ്പിൽ പറഞ്ഞു.
വീടുകളിൽ നിന്നുള്ള എല്ലാ മലിനജലവും വീട്ട് വളപ്പിൽ സ്ഥാപിക്കുന്ന ചെറിയ ചേംബറിലേക്ക് എത്തിച്ച് പൈപ്പ് കണക്ഷൻ നൽകി പ്ലാന്റിലെത്തിച്ച് ശുചീകരിക്കുന്നതാണ് പദ്ധതി.
ഗ്രാവിറ്റി സംവിധാനം
ഉപകരണങ്ങളുടെ സഹായമില്ലാതെ മലിനജലം പൈപ്പ് വഴി പ്ലാന്റ് വരെ ഒഴുകിയെത്തുന്ന രീതിയാണ് ഇടക്കൊച്ചിയിൽ ഉപയോഗിക്കുന്നത്. പൈപ്പുകൾ ആ രീതിയിലാണ് താഴ്ത്തുന്നത്. ഈ സംവിധാനം ഉപയോഗിക്കുന്നതിനാൽ ഒരു കാലത്തും പൈപ്പിലെ ഒഴുക്ക് തടസപ്പെടില്ല. നാലിഞ്ച് മുതൽ ഒരടി വരെയുള്ള പൈപ്പുകളാണ് പലയിടത്തായി ഉപയോഗിക്കുന്നത്. ഇടവഴികളിലുള്ള വീടുകളിലേക്കും കണക്ഷൻ നൽകും. ഒരു വീട് പോലും ഒഴിവാക്കില്ല. സെപ്റ്റിക് ടാങ്കിൽനിന്നുള്ള മലിനജലവും പൈപ്പ് വഴി പ്ലാന്റിൽ എത്തും. സെപ്റ്റിക് ടാങ്ക് ഇല്ലാത്തവർക്ക് അത് നിർമിച്ചു നൽകും. ഇടക്കൊച്ചിയിൽ നഗരസഭയ്ക്ക് സ്വന്തമായുള്ള മൂന്നേക്കറോളം വരുന്ന ഭൂമിയിൽനിന്ന് 50 സെന്റ് സ്ഥലമാണ് പ്ലാന്റിന് വിട്ടുകൊടുത്തത്. പൈപ്പ് ഇടുന്ന ജോലികൾ തീരുന്ന മുറയ്ക്ക് പ്ലാന്റ് നിർമാണവും പൂർത്തിയാക്കും. ഡിവിഷനിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വീടുകളുടെ എണ്ണവും കണക്കിലെടുത്തുള്ള പ്ലാന്റാണ് നിർമിക്കുന്നത്.
കാനകൾ മഴവെള്ളം ഒഴുകാൻ മാത്രം
സീവേജ് പദ്ധതി വഴി നാടിന് പ്രധാനമായും രണ്ടു പ്രയോജനങ്ങളാണ് ഉണ്ടാവുക.ഒന്നാമതായി മലിനജലം കാനകളിലേക്ക് ഒഴുകില്ല. മഴക്കാലത്ത് മൂന്ന് മാസം മഴവെള്ളം ഒഴുകാൻ മാത്രമാകും കാനകൾ. ബാക്കി ഒമ്പത് മാസം കാനകൾ ഉണങ്ങിയ അവസ്ഥയിലാകും. അതുവഴി കൊതുക് വളരുന്നത് തടയാം. മലിനജലം ഭൂമിക്കടിയിലേക്ക് പോകുന്നത് തടയാം. അതുവഴി ഭൂഗർഭ ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കാം.
പദ്ധതിച്ചെലവ് 18 കോടി
ഇടക്കൊച്ചിയിൽ സീവേജ് പദ്ധതി നടപ്പാക്കുന്നതിന് മൊത്തം ചെലവ് 18 കോടി രൂപയാണ്. പൈപ്പിടുന്നതിനും റോഡ് പൊളിച്ച് പുനർനിർമിക്കാനുമാണ് കൂടുതൽ പണം ചെലവാകുന്നത്. പൈപ്പ് ഇടുമ്പോൾത്തന്നെ, ആ സ്ഥലം മൂടി കോൺക്രീറ്റ് ചെയ്യും. ടാർ റോഡ് പൊളിക്കുമ്പോഴും റോഡ് പുനർനിർമിക്കും. പ്ലാന്റിനോട് ചേർന്ന് വലിയൊരു പൂന്തോട്ടവും നിർമിക്കുമെന്ന് കരാർ കമ്പനിയായ ഗ്രീൻവേ സൊലൂഷൻസ് മാനേജിംഗ് പാർട്ണർ ലെനിൻ പറഞ്ഞു. അഞ്ച് വർഷത്തേക്ക് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതലയും ഗ്രീൻവേ സൊലൂഷൻസിനാണ്. ബാക്കിയുള്ള സ്ഥലത്ത് പദ്ധതിയോടൊപ്പം തന്നെ കളിസ്ഥലം ഒരുക്കുന്നതിനുള്ള നിർമാണം ഉടൻ ആരംഭിക്കുമെന്ന് മേയർ പറഞ്ഞു.