മലയാറ്റൂർ തീർഥാടന റോഡ് വികസനം നടപ്പാക്കണം: താലൂക്ക് വികസന സമിതി
1466028
Sunday, November 3, 2024 4:48 AM IST
ആലുവ: മലയാറ്റൂർ തീർഥാടന കേന്ദ്രത്തിലേക്കുള്ള റോഡ് വികസനം കൈയേറ്റക്കാർക്കായി അട്ടിമറിച്ചെന്നാരോപണവുമായി എൽഡിഎഫ്-യുഡിഎഫ് ഘടകകക്ഷികൾ. ഇന്നലെ നടന്ന ആലുവ താലൂക്ക് വികസന സമിതി യോഗത്തിലാണ് നാലു വർഷമായിട്ടും പൊതുമരാമത്ത് വകുപ്പ് സർവേ പൂർത്തിയാക്കാത്തതിനെതിരെ പ്രതിഷേധമുയർന്നത്.
മലയാറ്റൂർ - കാലടി റോഡിൽ മലയാറ്റൂർ പള്ളി വരെ 35 കൈയേറ്റങ്ങൾ ഉള്ളതായാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നതെന്നും ഹൈക്കോടതിയിൽ സർക്കാർ വക്കീൽ കൈയേറ്റക്കാർക്ക് അനുകൂലമായി നിൽക്കുകയാണെന്നും ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ടി.ഡി. സ്റ്റീഫൻ ആരോപിച്ചു. വിഷയം എം.കെ. അലി, പ്രിൻസ് വെളളറയ്ക്കൽ എന്നിവരും ഏറ്റുപിടിച്ചു.
കൈയേറ്റങ്ങൾ കഴിയാവുന്നത്ര ഒഴിപ്പിച്ചിട്ടുണ്ടെന്ന പൊതുമരാമത്ത് വകുപ്പ് ആലുവ വിഭാഗം എഇ ട്രീസ സെബാസ്റ്റ്യൻ പറഞ്ഞു. എന്നാൽ കൈയേറ്റക്കാർക്ക് അനുകൂലമായി അങ്കമാലി പിഡബ്ല്യുഡി സെക്ഷൻ കാനകൾ പണിതിരിക്കുകയാണെന്ന് യോഗത്തിൽ പാർട്ടി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സിപിഎം, കോൺഗ്രസ് പ്രതിനിധികൾ പങ്കെടുത്തില്ല.
സ്ഥല സംബന്ധമായി നടത്തുന്ന അദാലത്തുകളിൽ സാധാരണക്കാർക്ക് അനുകൂലമായല്ല തീരുമാനങ്ങളെന്ന് വിമർശനം ഉയർന്നു. ശ്രീമൂലനഗരം പഞ്ചായത്ത് നെല്ല് സംഭരണത്തിനായി സ്വകാര്യ കമ്പനിയ്ക്ക് നൽകിയ ഗോഡൗൺ ലൈസൻസ് അനധികൃതമാണെന്നും സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നും വികസന സമിതി ശുപാർശ ചെയ്തു. വില്ലേജ് ഓഫീസ്, പഞ്ചായത്ത് വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തി.