കല്ലൂർക്കാട് : പാടത്ത് നിക്ഷേപിച്ച മണ്ണ് നീക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്
1466036
Sunday, November 3, 2024 4:59 AM IST
കല്ലൂർക്കാട്: നെൽപ്പാടത്തെ സുഗമമായ നീരൊഴുക്കിന് പൈപ്പ് സ്ഥാപിക്കാനുള്ള അനുമതിയുടെ മറവിൽ പാടത്ത് നിക്ഷേപിച്ച മണ്ണു നീക്കം ചെയ്ത് പൂർവസ്ഥിതിയാക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. കല്ലൂർക്കാട് പഞ്ചായത്ത് നാലാം വാർഡിലെ മുത്തോലി പാടശേഖരത്താണ് അനധികൃതമായി മണ്ണു നിക്ഷേപിച്ചതായി കണ്ടെത്തിയത്. 15 ദിവസത്തിനകം മണ്ണു നീക്കം ചെയ്യാനാണ് സ്ഥലമുടമ കോതമംഗലം ഇരമല്ലൂർ സ്വദേശി മൈതീൻകുട്ടി നഹയോട് കഴിഞ്ഞ 30ന് കളക്ടർ ഉത്തരവിട്ടിട്ടുള്ളത്.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കരയുടെ നേതൃത്വത്തിൽ സമീപവാസികളായ ജോർജ് ജോണ് കക്കുഴിയിൽ, ജോസഫ് ജോണ് കക്കുഴിയിൽ, ജെറ്റിം ജോർജ് തെക്കേക്കര, ഈപ്പച്ചൻ ജോസഫ് കപ്യാരുമലയിൽ എന്നിവർ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. കഴിഞ്ഞ ജൂലൈ 18 വരെ തന്റെ ഉടമസ്ഥതയിലുള്ള ആറ് ആർ സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും വാഹന ഗതാഗത സൗകര്യമൊരുക്കുന്നത് തണ്ണീർത്തട സംരക്ഷണ പരിധിയിൽ വരുന്നതല്ലെന്നും സ്ഥലമുടമ അറിയിച്ചു.
വലിയ പൈപ്പ് സ്ഥാപിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനാണ് കോടതി അനുമതി നൽകിയിരുന്നത്. പൈപ്പ് സ്ഥാപിക്കാൻ വേണ്ടിയെന്ന വ്യാജേന കൂടുതൽ അളവിൽ മണ്ണു നിക്ഷേപിച്ച് റോഡ് രൂപപ്പെടുത്തിയത് അംഗീകരിക്കപ്പെട്ടില്ല. 2023 ഫെബ്രുവരിയിൽ തന്നെ ഈ സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കൃഷി ഓഫീസർ നിർദേശം നൽകിയിരുന്നു.
അതനുസരിച്ച് ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തി ജൂലൈ 18ന് തിരുത്തൽ വിജ്ഞാപനം പുറപ്പെടുവിച്ചതായി കൃഷി ഓഫീസർ അറിയിച്ചിട്ടുണ്ട്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് അനധികൃതമായി പൈപ്പിടുകയും മണ്ണു നിക്ഷേപിച്ച് വഴി നിർമിക്കുകയും ചെയ്തിട്ടുണ്ടെന്ന് വില്ലേജ് ഓഫീസറും ആർഡിഒയും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പൂർവ സ്ഥിതിയിലാക്കാൻ കളക്ടർ ഉത്തരവിട്ടത്.
15 ദിവസത്തിനകം സ്ഥലമുടമ സ്വമേധയാ മണ്ണു നീക്കം ചെയ്യുന്നില്ലെങ്കിൽ ആർഡിഒയുടെ നേതൃത്വത്തിൽ പരിവർത്തനം ചെയ്യപ്പെട്ട സ്ഥലം പൂർവ സ്ഥിതിയാക്കണമെന്നും ചെലവുതുക റവന്യൂ റിക്കവറിയിലൂടെ സ്ഥലമുടമയിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.