എക്കലടിഞ്ഞ് കായൽ കരയാകുന്നു
1465994
Sunday, November 3, 2024 4:36 AM IST
ദുരിതക്കയത്തിൽ മത്സ്യത്തൊഴിലാളികൾ
പള്ളുരുത്തി: ഇടക്കൊച്ചി മുതൽ തോപ്പുംപടി വരെ വേന്പനാട് കായലിന്റെ ഏതാണ്ട് പാതിയോളം എക്കലടിഞ്ഞ് കരയായി മാറുന്നു. ഇതോടെ കായൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും ചലനമറ്റനിലയിലായി.
വേലിയിറക്ക സമയത്ത് മത്സ്യബന്ധനത്തിനായി കായലിന്റെ മധ്യത്തിലൂടെ പോലും വള്ളങ്ങൾക്കു സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. നിലവിൽ വേമ്പനാട് കായലിൽ വെള്ളം സംഭരിക്കാനുള്ള ശേഷിയിലും 75 ശതമാനത്തോളം കുറവുണ്ടായതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കായൽ തീരത്തോട് ചേർന്ന് വൻതോതിലുള്ള കൈയേറ്റം മൂലം കായലിന്റെ വിസ്തൃതിയിലും കുറവുണ്ടായി. 1980 ൽ 150 ഇനം മത്സ്യ ഇനങ്ങൾ ഉണ്ടായിരുന്ന കായലില്‍ ഇപ്പോൾ 90 ഇനങ്ങളായി കുറഞ്ഞെന്ന് കുഫോസ് നടത്തിയ പഠനം പറയുന്നു.
ഇടക്കൊച്ചി കണ്ണങ്ങാട്ട് - ഐലൻഡ് പാലത്തിന്റെ നിർമാണാവശിഷ്ടങ്ങൾ കായലിൽ നിന്നു നീക്കം ചെയ്യാത്തതും പ്രതിസന്ധിക്കു കാരണമാണ്. അരുർ-കുമ്പളം റെയിൽപാത ഇരട്ടിപ്പിക്കലിന്റെ പ്രവൃത്തിയും ഉടനെ ആരംഭിക്കും. ഈ അവശിഷ്ടങ്ങൾ കൂടി കായലിൽ നിക്ഷേപിച്ചാൽ വലിയ പാരിസ്ഥിതിക ആഘാതമാകും സൃഷ്ടിക്കുക.
കായലിൽ ഇനി അവശിഷ്ടങ്ങൾ നിക്ഷേപിക്കുവാൻ സമ്മതിക്കില്ലെന്നാണ് കുമ്പളം, അരൂർ, ഇടക്കൊച്ചി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളി ക്ഷേമസഭകൾ പറയുന്നത്. കായൽ ഡ്രഡ്ജിംഗ് നടത്തി ഏക്കലും അവശിഷ്ടങ്ങളും നീക്കി കായലിന്റെ സ്വഭാവികത നിലനിർത്തണമെന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ നാളുകളായുള്ള ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് വേമ്പനാട് കായൽ സംരക്ഷണ സമിതി മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.