മൂവാറ്റുപുഴ നഗരസഭാംഗത്തെ സ്ഥിരംസമിതി അധ്യക്ഷൻ അസഭ്യം പറഞ്ഞെന്ന് പരാതി
1466034
Sunday, November 3, 2024 4:59 AM IST
മൂവാറ്റുപുഴ: നഗരസഭാംഗം ലൈല ഹനീഫയെ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൾ സലാം അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന് പരാതി. ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ കൗണ്‍സിലിന്റെ അകത്തും പുറത്തും പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച നടന്ന കൗണ്‍സിൽ യോഗത്തിൽ ലഹരിമരുന്ന് വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാട്ടും മുസ്ലിം ലീഗ് അംഗമായ പി.എം. അബ്ദുൾ സലാമും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മുസ്ലിം ലീഗ് അംഗം കൂടിയായ ലൈല ഹനീഫയെ പി.എം. അബ്ദുൽ സലാം അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതേ തുടർന്നാണ് സ്ത്രീത്വത്തെ അപമാനിച്ച നഗരസഭാംഗം പി.എം. അബ്ദുൾ സലാം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗണ്‍സിലർമാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ പ്രതിപക്ഷ നേതാവ് ആർ. രാകേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗങ്ങളായ പി.എം. സലിം, കെ.ജി. അനിൽകുമാർ, പി.വി. രാധാകൃഷ്ണൻ, വി.എ. ജാഫർ സാദിഖ്, മീര കൃഷ്ണൻ, നിസ അഷറഫ്, സുധ രഘുനാഥ്, നെജില ഷാജി എന്നിവർ പങ്കെടുത്തു.
ലൈല ഹനീഫയുടെ പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസിന്റെ ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ലൈല ഹനീഫ നഗരസഭാ സെക്രട്ടറിക്കും പോലീസിനും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.