തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ ഷോക്കേറ്റു
1466598
Tuesday, November 5, 2024 1:58 AM IST
കാലടി: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റു. രണ്ട് പേർക്ക് പരിക്കേറ്റു. മാണിക്യമംഗലം കോലഞ്ചേരി കൊച്ചാപ്പു ദേവസിക്കുട്ടി, താണേലി വീട്ടിൽ രാജമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ദേവസിക്കുട്ടിയെ സഹായിക്കാനെത്തിയപ്പോഴാണ് രാജമ്മയ്ക്ക് പരിക്കേറ്റത്. ദേവസിക്കുട്ടിയുടെ കൈയ്ക്കും കാലിനും പൊള്ളലേറ്റു.
ഇന്നലെ രാവിലെ 10 നാണ് സംഭവം. ലൈൻ ഡ്രിപ്പായതാണ് അപകടത്തിന് കാരണമെന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ പറയുന്നു. ഡ്രിപ്പായ സമയത്ത് ഈ പ്രദേശത്ത് വലിയ ശബ്ദമുണ്ടായിരുന്നു. മാണിക്യമംഗലം എഴാം വാർഡിൽ അങ്കണവാടിക്ക് സമീപമുള്ള ഇടമലയാർ കനാൽ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ഷേക്കേറ്റതിനെതുടർന്ന് ദേവിക്കുട്ടി തെറിച്ചുവീണു. 33 കെവി ലൈനിന്റെ അടിയിൽ വാക്കത്തി ഉപയോഗിച്ച് കനാൽ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
തൊഴിലാളികൾ 50 പേർ ഉണ്ടായിരുന്നു. ഇതിന് മുൻപ് ഈ പരിസരത്ത് ജോലി ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെ അപകടം ഉണ്ടാകുന്നതെന്ന് ദേവസിക്കുട്ടി പറഞ്ഞു. മറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടിയശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലടി ഇലക്ട്രിക്സിറ്റി ഓഫീസിൽനിന്നും ഉദ്യോസ്ഥർ ആശുപത്രിയിലെത്തി രോഗിയെ സന്ദർശിച്ചു.