വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു
1466611
Tuesday, November 5, 2024 1:58 AM IST
മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ-ആരക്കുഴ റോഡിൽ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് ഭാഗികമായി ഗതാഗതം തടസപ്പെട്ടു. നഗരസഭ 17-ാം വാർഡിലെ ലളിതനിവാസിൽ ലളിത ബാലകൃഷ്ണന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇന്നലെ വൈകുന്നേരം മുന്നോടെയുണ്ടായ മഴയിൽ ഇടിഞ്ഞത്.
റോഡിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞ് വീണതിനെ തുടർന്ന് മണ്ണും, കല്ലും അടക്കമുള്ള അവശിഷ്ടങ്ങൾ റോഡരികിലെ കാനയിലേക്ക് പതിച്ചതോടെ മഴവെള്ളം ഒഴുകിപ്പോകാതെ റോഡിൽ തന്നെ കെട്ടിക്കിടക്കുകയായിരുന്നു.
ഇതേത്തുടർന്ന് റോഡരികിലെ വ്യാപാര സ്ഥാപനത്തിലും, വീട്ടിലും വെള്ളം കയറി. മൂവാറ്റുപുഴ ഫയർഫോഴ്സെത്തി കല്ലും, മണ്ണും നീക്കം ചെയ്താണ് ഗതാഗതം സുഗമമാക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ടി. അനീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഐയൂബ് എം.എൻ, ഡിപിൻ ബാലകൃഷ്ണൻ, അബിനന്ദ്, കെ.കെ. ബിജു, ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് തടസങ്ങൾ നീക്കിയത്.