രാമമംഗലത്ത് മാലിന്യം കത്തിച്ച പഞ്ചായത്തംഗത്തിന് പിഴ
1466035
Sunday, November 3, 2024 4:59 AM IST
പിറവം: രാമമംഗലം ബസ്സ്റ്റാൻഡിലെ പൊതുസ്ഥലത്ത് ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്യാത്ത മാലിന്യം കത്തിച്ച പഞ്ചാത്തംഗത്തിന് സെക്രട്ടറി 5,000 രൂപ പിഴയിട്ടു. രാമമംഗലം പഞ്ചായത്തംഗം ആന്റോ പി. സ്കറിയയ്ക്കാണ് പിഴയടയ്ക്കാൻ നോട്ടീസ് നൽകിരിക്കുന്നത്. ആശുപത്രിക്കവലയ്ക്ക് സമീപമുള്ള ബസ്സ്റ്റാൻഡിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. കുരിശുപള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചാണ് ബസ്സ്റ്റാൻഡ് വൃത്തിയാക്കിയത്.
വളരെ നാളുകളായി ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന മാലിന്യങ്ങൾ സ്റ്റാൻഡ് ശുചീകരണത്തിന്റെ ഭാഗമായി കൂട്ടിയിട്ട് കത്തിച്ചതായാണ് പരാതി. പുകയും ദുർഗന്ധവും പരന്നതോടെ പരിസര വാസികൾ പരാതി പറഞ്ഞിരുന്നു. ഇതിനിടെ പഞ്ചായത്തിലെ ഇടത് അംഗങ്ങൾ ചേർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
തുടർന്നാണ് സെക്രട്ടറി അംഗമായ ആന്റോയ്ക്ക് നോട്ടീസ് നൽകിയത്. അതേ സമയം ബസ് സ്റ്റാൻഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്ന മിനി എംസിഎഫിനടുത്ത് ഡയപ്പറടക്കമുള്ള മാലിന്യങ്ങളാണ് ചാക്കുകളിലാക്കി തള്ളിയിരുന്നതെന്നും ഇത് നീക്കം ചെയ്യാൻ പഞ്ചായത്ത് സമിതി തീരുമാനിച്ചിരുന്നതാണെന്നും അംഗം ആന്റോസ് പി. സ്ക്റിയ പറഞ്ഞു.
പെരുന്നാളിന്റെ ഭാഗമായുള്ള സൺഡെ സ്കൂൾ വാർഷികമടക്കമുള്ള പരിപാടികൾക്ക് വേദിയൊരുക്കിയത് ബസ് സ്റ്റാൻഡിലാണ്. അതിന് മുന്നോടിയായി സ്റ്റാൻഡ് ശുചീകരിക്കാൻ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ നിയോഗിച്ചിരുന്നുവെന്നും ഇക്കാര്യങ്ങൾ മറ്റ് അംഗങ്ങൾക്കും അറിയാവുന്നതാണെന്നും സംഭവത്തിൽ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ആന്റോ പി. സ്കറിയ പറഞ്ഞു. മിനി എംസിഎഫിനടത്ത് തള്ളിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത് സമിതി നിർദേശിച്ചിരുന്നതാണെന്ന് പ്രസിഡന്റ് പി.വി. സ്റ്റീഫനും പറഞ്ഞു.
മാലിന്യങ്ങൽ കത്തിച്ചത് സംബന്ധിച്ച പരാതിയിൽ നടപടിയെടുക്കാൻ വൈകിയതിനെ തുടർന്ന് പഞ്ചായത്തിലെ ഇടത് അംഗങ്ങൾ സെക്രട്ടറിയുടെ ക്യാബിന് മുന്നിൽ സമരം നടത്തി. തുടർന്നാണ് സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്.