ഫാക്ടംഫോസിന് ക്ഷാമം: കേന്ദ്രത്തിന് സ്വകാര്യ കന്പനികളെ സഹായിക്കുന്ന നിലപാടെന്ന്
1466002
Sunday, November 3, 2024 4:37 AM IST
കോതമംഗലം: ഫാക്ടംഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമം സ്വകാര്യ കന്പനികളെ സഹായിക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിന്റെ ഭാഗമെന്ന് അഖിലേന്ത്യാ കിസാൻ സഭ. നെൽകൃഷിക്ക് അടിവളമായും ഒന്നാം വളമായും കൃഷിക്കാർ ഉപയോഗിക്കുന്നത് ഫാക്ടംഫോസാണ്. മറ്റു കാർഷിക വിളകളായ തെങ്ങിനും കമുകിനും വാഴയ്ക്കും വരെ ഫാക്ടംഫോസ് ഉപയോഗിക്കാറുണ്ട്.
വളം നിർമിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുവായ ഫോസ്ഫോറിക് ആസിഡിന്റെ ഇറക്കുമതി കുറഞ്ഞതാണ് ഉത്പാദത്തിൽ വന്ന മാന്ദ്യമെന്നും, കേന്ദ്ര രാസവളം മന്ത്രാലയത്തിൽ നിന്നും കേരളത്തിനുള്ള അലോട്ട്മെന്റ് കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയുടെ രണ്ട് യൂണിറ്റുകളിൽ ഫാക്ടംഫോസിന്റെ ഉത്പാദനം നടന്നുവന്നിരുന്നത് അസംസ്കൃത വസ്തുവിന്റെ ദൗർലഭ്യം മൂലം നിലവിൽ ഒരു യൂണിറ്റിൽ മാത്രമാണ് നടക്കുന്നത്.
എന്നാൽ സ്വകാര്യ കന്പനികളുടെ രാസവളങ്ങൾ വിപണിയിൽ സുലഭമാണെന്നത് തിരിച്ചറിയണമെന്നും സ്വകാര്യ കന്പനികളെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടാണ് ഫാക്ടംഫോസിന്റെ വിപണി ക്ഷാമത്തിന് പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഫാക്ടംഫോസിന് പകരം മറ്റുവളങ്ങൾ നൽകിയാൽ വേണ്ടത്ര കരുത്ത് കാർഷിക വിളകൾക്ക് ലഭിക്കില്ലായെന്ന കർഷകരുടെ ആശങ്ക പരിഹരിക്കാൻ വേണ്ടത്ര ഇടപെടലുകൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണം.
ഫാക്ടംഫോസിന്റെ പ്രതിസന്ധി പരിഹരിച്ച് വളം ഉൽപാദിക്കാൻ കാലതാമസം നേരിടുന്നതോടെ കൃത്യസമയത്ത് കൃഷിക്ക് വളം ചെയ്യാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കർഷകരെന്നും ജില്ലാ സെക്രട്ടറി ഇ.കെ. ശിവൻ പറഞ്ഞു.