വന്യമൃഗശല്യം തടയാന്‍ സൗരോര്‍ജ വേലി: പദ്ധതി നിര്‍വഹണം വേഗത്തിലാക്കുമെന്ന് മന്ത്രി
1461365
Wednesday, October 16, 2024 3:37 AM IST
അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന അയ്യമ്പുഴ, മലയാറ്റൂര്‍- നീലീശ്വരം, മൂക്കന്നൂര്‍, കറുകുറ്റി എന്നീ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ സൗരോര്‍ജവേലി സ്ഥാപിക്കുന്നതിന്റെ പദ്ധതി നിര്‍വഹണം വേഗത്തിലാക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയില്‍ അറിയിച്ചു.
റോജി എം.ജോണ്‍ എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇല്ലിത്തോട്, മുളംങ്കുഴി, കാടപ്പാറ, കണ്ണിമംഗലം, പാണ്ടുപാറ, അയ്യമ്പുഴ പ്ലാന്റേഷൻ, പോര്‍ക്കുന്ന് പാറ, ഒലിവേലി, മാവേലിമറ്റം, കട്ടിംഗ്, ഏഴാറ്റുമുഖം പ്രദേശങ്ങളില്‍ വന്യജീവിശല്യം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മനുഷ്യ-വന്യമ്യഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തിയില്‍ തൂക്ക് സൗരോര്‍ജ വേലികള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. സൗരോര്‍ജ വേലി ഇല്ലാത്തയിടങ്ങളില്‍ പുതിയ വേലി സ്ഥാപിക്കുന്നതോടൊപ്പം നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത തൂക്ക് വേലികള്‍ നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കും.
അങ്കമാലി നിയോജകമണ്ഡലത്തിലെ വനമേഖല ഉള്‍പ്പെടുന്ന വനംവകുപ്പ് മലയാറ്റൂര്‍, വാഴച്ചാല്‍ ഡിവിഷനുകളില്‍ തൂക്ക് സൗരോര്‍ജവേലി സ്ഥാപിക്കുന്നതിന് 13.45 കോടി രൂപയുടെ പദ്ധതി അനുവദിച്ചിരുന്നു. നബാര്‍ഡ് ആണ് പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്നത്.
പദ്ധതി നടപ്പായാല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ വന്യമൃഗശല്യം തടയാന്‍ സാധിക്കും. എന്നാല്‍ പദ്ധതി അനുവദിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപ്പാക്കാന്‍ കഴിഞ്ഞില്ല. എസ്റ്റിമേറ്റിലെ അപാകതകള്‍ മൂലം പ്രവര്‍ത്തികള്‍ ഏറ്റടുക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ല. എസ്റ്റിമേറ്റ് പുതുക്കി പദ്ധതി നിര്‍വഹണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റോജി എം.ജോണ്‍ എംഎല്‍എ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.