വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ അഞ്ച് കുടുംബങ്ങൾക്ക് പട്ടയം; നടപടിയായി
1599643
Tuesday, October 14, 2025 7:31 AM IST
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ അഞ്ച് കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ജൂൺ 27 ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു വീട് പൂർണമായും നിലം പൊത്തുകയും സമീപത്തുള്ള മറ്റു നാലു വീടുകൾ വാസയോഗ്യമല്ലാതായി തീരുകയും ചെയ്തിരുന്നു.
വീടുകൾ രാജീവ് ഗാന്ധി ദശലക്ഷം പദ്ധതി പ്രകാരം ഹൗസിംഗ് ബോർഡ് പണിതു നൽകിയിരുന്നതാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ഹൗസിംഗ് ബോർഡിൽ തന്നെ നില നിർത്തുകയും ചെയ്തിരുന്നു. ആയതിനാൽ കുടുംബങ്ങൾക്ക് കൈവശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനോ, കരം തീർക്കുന്നതിനോ, ലൈഫ് ഭവന പദ്ധതിയുടെ ഭാഗമാകുന്നതിനോ സാധിച്ചിരുന്നില്ല. വസ്തുക്കൾ ഇപ്പോൾ ഹൗസിംഗ് ബോർഡിൽനിന്നും സർക്കാരിലേക്ക് തിരികെ നൽകുകയും ചെയ്തു. അതിന്റെ തുടർച്ചയിലാണ് ഇപ്പോൾ ഈ കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള നടപടി ഉണ്ടായത്.
ഇന്നലെ ചേർന്ന താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം അഞ്ച് കുടുംബങ്ങളുടെ പട്ടയ അപേക്ഷകൾക്ക് അംഗീകാരം നൽകി. താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, ഷിബു പടപ്പറമ്പത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. ശിവൻ, എം.എസ്. എൽദോസ്, എ.കെ. ഗോവിന്ദൻ, ബേബി പൗലോസ് എന്നിവർ പങ്കെടുത്തു.