കരുമാലൂരും ആലങ്ങാടും മൂന്നിടത്ത് മോഷണം
1599648
Tuesday, October 14, 2025 7:31 AM IST
ആലങ്ങാട്: കരുമാലൂർ- ആലങ്ങാട് പഞ്ചായത്തുകളിൽ മൂന്നിടത്ത് മോഷണം. നീറിക്കോട് ഭാഗത്തെ റേഷൻ കടയിലും സമീപത്തെ വീട്ടിലും മനയ്ക്കപ്പടി ഭാഗത്തെ കൃഷിയിടങ്ങളിലുമാണു മോഷണം നടന്നത്. നീറിക്കോട് ഭാഗത്തു ബാബുവിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയിലെ 102 ലിറ്റർ മണ്ണെണ്ണ നഷ്ടപ്പെട്ടു. കടയുടെ വരാന്തയിൽ സൂക്ഷിച്ചിരുന്ന വീപ്പയിൽ നിന്നാണു മണ്ണെണ്ണ കവർന്നത്.
തൊട്ടടുത്തു തന്നെയുള്ള ധനേഷ് സത്യന്റെ വീട്ടിൽ നിന്നു 3,000 രൂപ വിലവരുന്ന മീറ്റർ ബോക്സും നഷ്ടപ്പെട്ടു. മനയ്ക്കടി ഭാഗത്തെ കൃഷിയിടങ്ങളിൽ സൂക്ഷിച്ചിരുന്ന രണ്ട് മോട്ടറുകളും ഇന്നലെ മോഷണം പോയി. ഒരു മാസത്തിനിടെ ഏഴ് മോട്ടറുകൾ ഈ ഭാഗത്തുനിന്നു മോഷണം പോയിട്ടുണ്ട്.
ആലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നാൽപ്പതോളം മോഷണങ്ങളാണു നടന്നിരിക്കുന്നത്. ലഹരിസംഘങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യമുള്ളതിനാൽ പലരും ഭയന്നിട്ടു രാത്രി പുറത്തിറങ്ങാറില്ല. ഈ അവസരം മുതലെടുത്താണു രാത്രിയും
പകലും മോഷ്ടാക്കൾ കറങ്ങി നടക്കുന്നത്. ആക്രി പെറുക്കുന്ന നാടോടി സംഘങ്ങളും പലയിടത്തും വ്യാപകമായി മോഷണം നടത്തുന്നുണ്ട്. ആലങ്ങാട് പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണു ഇതിന് കാരണമെന്നു നാട്ടുകാർ പറയുന്നു.