ചരക്ക് ലോറിയിൽ കുടുങ്ങി കേബിളുകൾ പൊട്ടി; ഇന്റർനെറ്റ് നിലച്ചു
1599653
Tuesday, October 14, 2025 7:31 AM IST
ആലുവ: അയഞ്ഞുകിടന്ന ഇന്റർനെറ്റ് കേബിൾ ചരക്ക് ലോറിയുടെ മുകളിൽ കുടുങ്ങി പൊട്ടി. ഇതോടെ ആലുവ ബാങ്ക് ജംഗ്ഷൻ മേഖലയിലെ ബിഎസ്എൻഎൽ അടക്കം ഇന്റർനെറ്റ് സംവിധാനം താറുമാറായി. ഇന്നലെ ഉച്ചതിരിച്ച് രണ്ടരയോടെ സംഭവം.
മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ചരക്ക് ലോറിയുടെ മുകളിലായാണ് റോഡിനു കുറുകെ ഇലക്ട്രിക് പോസ്റ്റിലൂടെയുള്ള ഇന്റർനെറ്റ്, ടിവി കേബിളുകളിൽ ഒരെണ്ണം കുടുങ്ങിയത്. ഇതു കണ്ടവർ ലോറി മുന്നോട്ട് എടുക്കല്ലേയെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ ചെവിക്കൊണ്ടില്ല. ഇതോടെ എല്ലാ കേബിളുകളും പൊട്ടി റോഡിലേക്ക് കുറുകെ വീഴുകയായിരുന്നു. ടെലിഫോൺ പോസ്റ്റും ചരിഞ്ഞു.
അര മണിക്കൂറോളം ബാങ്ക് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. ഫെഡറൽ ബാങ്ക് ഹെഡ് ഓഫീസിനു മുന്നിലൂടെ ബൈപ്പാസിലേക്ക് പോകുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന റോഡിന് കുറുകെയാണ് കേബിളുകൾ പൊട്ടിവീണത്. ജീവനക്കാരെത്തി ഇന്റർനെറ്റ് പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.