റോബോട്ടിന്റെ നൃത്തച്ചുവടുകളോടെ ശാസ്ത്രമേളയ്ക്ക് തുടക്കമായി
1458236
Wednesday, October 2, 2024 4:16 AM IST
മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്രമേള ശ്രദ്ധേയമായി. കിയാര എന്ന റോബോട്ടിന്റെ പ്രകടനം, റോബോട്ടിക് ആം, ഡ്രോണ്‍ ആകാശ യാത്ര എന്നിവ ശാസ്ത്രമേളയ്ക്ക് മികവേകി. ശാസ്ത്രജ്ഞനും കുസാറ്റ് സിൻഡിക്കേറ്റംഗവുമായ പി.ആർ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സയൻസ്, സോഷ്യൽ സയൻസ്, റോബോട്ടിക്സ്, പ്രവർത്തി പരിചയമേള, ഗണിതമേള എന്നീ ഇനങ്ങളിൽ കുട്ടികളുടെ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജക്ട്സ് എന്നിവയുണ്ടായിരുന്നു.
ഭൗമോപരിതലത്തിലെ എല്ലാ പ്രതിഭാസങ്ങളുടെയും ഹൃദയമാണ് ശാസ്ത്രമെന്നും ക്ലാസ് മുറിയുടെ ഉള്ളിൽ മാത്രം പഠിപ്പിക്കേണ്ട വിഷയമല്ല സയൻസെന്നും ശ്രീജിത്ത് പറഞ്ഞു. പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം, വൈസ് പ്രിൻസിപ്പൽ ബാബു ജോസഫ്, പിടിഎ പ്രസിഡന്റ് ബേസിൽ പൗലോസ്, എംപിടിഎ പ്രസിഡന്റ് സുപ്രഭ എന്നിവർ പ്രസംഗിച്ചു.
വിവിധ സയൻസ് വിഷയങ്ങളിലെയും ഗണിതശാസ്ത്ര വിഷയങ്ങളിലെയും അധ്യാപകർ ശാസ്ത്ര മേളയ്ക്ക് നേതൃത്വം നൽകി.