ദേശീയപാത 66 വികസനം : കൊച്ചാലിൽ നിർമിച്ച സര്‍വീസ് റോഡിൽ ഗർത്തം
1437189
Friday, July 19, 2024 3:40 AM IST
വരാപ്പുഴ: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച സര്‍വീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു. വള്ളുവള്ളി കൊച്ചാല്‍ ഭാഗത്ത് നിര്‍മിച്ചുകൊണ്ടിരിക്കുന്ന മേല്‍പാലത്തിനു സമീപമുള്ള റോഡിലാണ് ഇന്നലെ രാവിലെ വന്‍ ഗർത്തം രൂപപ്പെട്ടത്.
സമീപത്തെ സ്വകാര്യ ഗോഡൗണിലേക്ക് കണ്ടെയ്നര്‍ ലോറി കടന്നപോയപ്പോഴാണ് സര്‍വീസ് റോഡ് ഭാഗം താഴ്ന്ന് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സര്‍വീസ് റോഡ് നിര്‍മാണത്തെക്കുറിച്ച് വ്യാപക ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് റോഡ് താഴ്ന്നത്.
ഇത് ജനങ്ങളില്‍ ആശങ്ക ജനപ്പിക്കുന്നു. ഈ ഭാഗത്ത് കാന നിര്‍മിക്കുമ്പോള്‍ സൈഡ് ഷട്ടര്‍ ഇടിഞ്ഞ് കോണ്‍ക്രീറ്റ് വന്‍തോതില്‍ കാനയില്‍ വീണപ്പോഴും നടപടിയൊന്നും ഉണ്ടായില്ല. ഇപ്പോള്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66 ആറ് വരി പാത നിര്‍മാണത്തെക്കുറിച്ചും വ്യാപക ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പാലങ്ങള്‍ പലതും ഉയരക്കുറവ് മൂലം പൊളിച്ചു പണിയേണ്ട അവസ്ഥയിലാണ്.
ഇതിനിടയിലാണ് മേല്‍പ്പാലത്തിന് സമീപമുള്ള സര്‍വീസ് റോഡില്‍ വന്‍ തുരങ്കം പ്രത്യക്ഷ്യപ്പെട്ടത്. ദേശീയ പാത 66 ആറുവരി പാത നിര്‍മാണ അപാകതയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നു. ദേശീയപാത 66ലെ വരാപ്പുഴ പാലത്തില്‍ അപകടകരമായ കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ആറിന് ധർണ സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാരോണ്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് വിജു ചുള്ളിക്കാട്ട് അധ്യക്ഷത വഹിക്കും. ദേശീയ പാതാ നിര്‍മാണ കമ്പനിയുടെ കൂറ്റന്‍ വാഹനങ്ങള്‍ കടന്നു പോയതാണ് റോഡ് ഇത്രമാത്രം താറുമാറായാത്. ഓരോ ദിവസവും കോണ്‍ക്രീറ്റ് കൊണ്ട് കുഴി അടയ്ക്കുമെങ്കിലും പിറ്റെ ദിവസം വീണ്ടും പ്രത്യക്ഷപ്പെട്ട് അപകടങ്ങള്‍ വര്‍ധിക്കുകയാണ്.