രാത്രി മുഴുവൻ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ
1537934
Sunday, March 30, 2025 6:06 AM IST
തൊടുപുഴ: പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ പോലീസ്സ്റ്റേഷനിൽ ഉപരോധസമരവുമായി എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ. പ്രതിഷേധത്തിനിടെ പോലീസിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയതത് കൂടുതൽ സംഘർഷാവസ്ഥയ്ക്ക് കാരണമായി. സമീപ പോലീസ് സ്റ്റേഷനുകളിൽനിന്നും ഇടുക്കി എആർ ക്യാന്പിൽനിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധക്കാരെ നീക്കാൻ പോലീസിനായില്ല.
കസ്റ്റഡിയിലെടുത്ത ചിലരെ വിട്ടയച്ചതോടെ ഇന്നലെ രാവിലെ ആറോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സ്റ്റേഷൻ ഉപരോധിച്ച സംഭവത്തിൽ അന്പതോളം പേർക്കെതിരേ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ന്യൂമാൻ കോളേജിലെ വിദ്യാർഥികൾ തമ്മിൽ കോളജിലെ യാത്രയയപ്പുമായി ബന്ധപ്പെട്ടാണ് ആദ്യം സംഘർഷമുണ്ടായത്. സീനിയർ-ജൂണിയർ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് വഴക്കിട്ടു.
പിന്നീട് വിദ്യാർഥികൾ തമ്മിൽ നാലുവരിപാതയിൽ വടക്കുംമുറി ഭാഗത്ത് വീണ്ടും ഏറ്റുമുട്ടി. ഇവിടെയെത്തിയ തൊടുപുഴ എസ്ഐ എൻ.എസ്.റോയിയും സംഘവും വിദ്യാർഥികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ ചിലർ പ്രകോപിതരാവുകയും പോലീസുമായി ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു.
ഇതിനിടെ പോലീസ് രണ്ടാം പ്രതി ഇൻസമാമിനെ പോലീസ് ജീപ്പിൽ കയറ്റി. ഇതോടെ ഇയാളെ ചിലർ ബലമായി ജീപ്പിൽ നിന്നിറക്കി. ഇതിനിടെയാണ് എസ്ഐമാരായ എൻ.എസ്.റോയി, പി.കെ.സലിം, സിപിഒ അഫ്സൽഖാൻ എന്നിവരെ പ്രവർത്തകർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചത്.
അതേ സമയം സംഘം ചേർന്ന് നഗരത്തിൽ ഏറ്റുമുട്ടിയവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച പോലീസ് ഉദ്യാഗസ്ഥരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തു. ഇതിൽ കോളജ് വിദ്യാർഥികളും ഉൾപ്പെടും.
ജോയൽ, ഇൻസമാം, അമൻ ഷാ എന്നിവർക്കു പുറമേ കണ്ടാലറിയാവുന്ന നാലുപേർക്കെതിരേയാണ് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തത്. ഇതിൽ അമൻഷായെ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യം അനുവദിച്ചു. ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.