സഭയോടുകൂടെ ആയിരിക്കുക എന്നത് ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാർഥ്യം: മാര്‍ പുളിക്കല്‍
1538425
Monday, March 31, 2025 11:51 PM IST
കാഞ്ഞിരപ്പള്ളി: ഈശോയോടുകൂടെ ആയിരിക്കുക, സഭയോടു കൂടെയായിരിക്കുക എന്നുള്ളത് ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാർഥ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതയിലെ വിശ്വാസത്തിന്റെ ആഘോഷമായ ഉത്ഥാനോത്സവം സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയ്ക്കും സമൂഹത്തിനും കരുത്തു പകരുന്ന വ്യക്തിത്വങ്ങളായി മാറാനും ദൈവത്തിന്റെ ദാനമായ ഈ ജീവിതം സന്തോഷത്തോടെയും സുന്ദരമായും ജീവിക്കാനും ഉത്ഥാനോത്സവത്തിന്റെ ദിനങ്ങള്‍ ശക്തിപകരട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേർത്തു.
ഈശോയുടെ ജനന-ജീവിത-മരണ- ഉത്ഥാനരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കത്തീഡ്രല്‍ സണ്‍ഡേ സ്കൂള്‍ വിദ്യാർഥികള്‍ നടത്തിയ ദൃശ്യാവിഷ്കാരം വിളംബരജാഥയെ കൂടുതല്‍ വര്‍ണാഭമാക്കി. വിശ്വാസജീവിത പരിശീലന കേന്ദ്രം രൂപത ഡയറക്ടര്‍ റവ.ഡോ. തോമസ് വാളന്മനാല്, കത്തീഡ്രല്‍ വികാരിയും ആര്‍ച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യന് താമരശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. തോമസ് മുളങ്ങാശേരില്‍, ഫാ.ജേക്കബ് ചാത്തനാട്ട് എന്നിവര്‍ നേതൃത്വം നല്കി.