സൗരോർജ തൂക്കു വേലി നശിപ്പിച്ചതിൽ പ്രതിഷേധ മാർച്ച് നടത്തി
1538116
Sunday, March 30, 2025 11:41 PM IST
വണ്ടിപ്പെരിയാർ: വള്ളക്കടവിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലി സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി. വള്ളക്കടവിൽ സമീപനാളിൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു.
ഇത് കടുത്ത പ്രതിഷേധത്തിനു കാരണമായിരുന്നു. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പുമായി സഹകരിച്ച് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം 39 ലക്ഷം രൂപ സൗരോർജ തൂക്കുവേലി നിർമിക്കുന്നതിന് അനുവദിച്ചു. ഇതിന്റെ ഭാഗമായി 4.6 കിലോമീറ്റർ ദൂരത്തിൽ സൗരോർജവേലി നിർമിക്കുകയും ചെയ്തു. എന്നാൽ തൂക്കുവേലി നിർമാണ ഘട്ടത്തിലും സാമൂഹിക വിരുദ്ധർ ഇവ നശിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
പിന്നീട് നിർമാണം പൂർത്തിയാക്കിയ സൗരോർജ തൂക്ക് വേലി പലയിടങ്ങളിലും നശിപ്പിച്ചു. വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ ചിത്രം പതിഞ്ഞെങ്കിലും വ്യക്തമാകാത്തതിനാൽ പ്രതികളെ പിടികൂടാനായില്ല.
സംഭവത്തിൽ വള്ളക്കടവ് റേഞ്ച് ഓഫീസർ അരുണ് കെ. നായർ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് സംഭവം നടന്ന സ്ഥലം കുമളി പോലീസിന്റെ അധീനതയിലാണെന്ന് അറിയുന്നത്.
ഇതേത്തുടർന്ന് അവർ മടങ്ങുകയായിരുന്നു. അന്വേഷണം വൈകുന്നതിലും സാമൂഹിക വിരുദ്ധർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് അന്പലപ്പടിയിൽനിന്നു വള്ളക്കടവിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് നടത്തിയത്. വള്ളക്കടവ് ജമാഅത്ത് ഇമാം എ. അബ്ദുൾസലാം മൗലവി മാർച്ച് ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിനാളുകൾ പങ്കെടുത്ത മാർച്ച് വള്ളക്കടവിൽ സമാപിച്ചു.
തുടർന്നു നടന്ന പ്രതിഷേധയോഗം അഴുത ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷീല കുളത്തിങ്കൽ അധ്യക്ഷത വഹിച്ചു.
പിടിസിഎഫ് എസ്സിക്യൂട്ടീവംഗം ഷാജി കുരിശുംമൂട്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻമാക്കൽ, എ.വി. മാത്യു, ബിജോയ് തോമസ്, എ.ഡി. രാധാകൃഷ്ണൻ, ഇഡിസി ചെയർമാൻമാരായ എം. മുഹമ്മദ്, എ.വി. വർഗീസ്, ബോബി കെ. ഉലഹന്നാൻ, മുരളി നടുവത്തുശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.